2009, മേയ് 21, വ്യാഴാഴ്‌ച

പട്ടിണി തിരകള്‍

------------
കോരന്
കുമ്പിളില്‍ നിന്നും
കഞ്ഞി ചട്ടി ദൂരം
എഴുത്തോലകളിലെ
പൊട്ടിച്ചെറിയാനുള്ള
ചങ്ങലയുടെ നീളമാണ്

ചുറ്റികയും
അരിവാളുംഅടര്‍ന്നു പോയ
ചെങ്കടലിന്റെ അടിത്തട്ട്
കോരിയ പാത്രത്തില്‍
കാലം ചേര്‍ത്ത തിരകളില്ല
ചങ്കറ്റ സഖാക്കളുടെ രക്തക്കറ

ദിശ തെറ്റിയ കപ്പിത്താന്‍മാര്‍
പുത്തന്‍ കൂറ്റില്‍ എഴുതിയ
വാറോല യിലെ മുദ്രാവാക്യം ......

രക്തസാക്ഷി നാമം വാഴ്ത്തുക
പണം പിരിക്കുക തൊട്ടികളില്‍
പണിതുയര്‍ത്തുക സൌധങ്ങള്‍
മുദ്രാ വാക്യ തൊഴിലാളികളെ
കഞ്ഞി ചട്ടികള്‍ തീറ്റി പോറ്റും

കോരന്‍ നീട്ടി തുപ്പീ മുറി ബീഡി
ലക്‌ഷ്യം മുഴുവന്‍ മാറി മറിഞ്ഞു
ഉന്മേഷത്തില്‍ വയലേലകളില്‍
ഉത്സാഹത്തിന്‍ കൊടിയേറ്റം
ഒളിവിലിരുന്നു പടയണി ചേര്‍ന്നു

പന്നികൂട്ടില്‍ നോക്കിയിരിക്കും
പട്ടിണിയില്ലാ നേതൃത്വത്തിന്‍
അധിനിവേശ കാറ്റിന്നെതിരെ
പട്ടിണി കനലുകള്‍ നീറി കത്തി

തിരകള്‍ മുഴവന്‍ വറ്റി വരണ്ടു
വിണ്ടു കീറിയ നക്ഷത്രം
ചുവന്ന മണ്ണില്‍ ഉരുകിയൊലിച്ചു

കളകള്‍ വെട്ടി അറച്ച കൈകള്‍
വിത്തുകള്‍ പാകിയ മണ്ണില്‍ തന്നെ
മുഷ്ടി ചുരുട്ടി ചിഹ്നം മാറ്റി
ചുവന്ന കൊടിയില്‍ തുന്നി ചേര്‍ത്തു
മാറ്റം തന്നെ വിപ്ലവ വാക്യം
-----------------------------------ഷംസ്