2009, ജനുവരി 28, ബുധനാഴ്‌ച

വഴിതെറ്റിയവള്‍


സ്നേഹത്തിന്റെ വേരുകള്‍ ഇറങ്ങാത്ത
ഉപ്പുകലര്‍ന്ന നീര്‍ചാലുകള്‍
ഇരുട്ടില്‍തളംകെട്ടി
ഉറങ്ങാതെ കിടക്കുമ്പോള്‍
കുന്നിറങ്ങി വരുന്ന പുഴയുടെ ഭയം
അവളുടെ രാവുകളില്‍ കുത്തിയൊലിച്ചു

റേഷന്‍ കാര്‍ഡില്‍
രക്ഷിതാവിന്റെ ചതുര കോളത്തിലും
അമ്മയുടെ കണ്ണീര്‍ വീണു ചുരുണ്ട
കല്യാണ ഫോട്ടോയിലും
അച്ഛന്റെ പേര് ഒളിച്ചു കളിച്ചു

നാവു കുഴഞ്ഞ പുകയില മണം
അടച്ചു ഉറപ്പില്ലാത്ത വാതിലില്‍ കൂടി
ഒച്ചയടച്ച കരച്ചിലുകള്‍ പതുങ്ങിയ
അവളുടെ നെടുവീര്‍പ്പിന്‍ കൂടുകള്‍
ചുമരില്‍ തട്ടി വിയര്‍പ്പിച്ചു

കുളിക്കടവില്‍ സന്ധ്യക്ക്
പിഞ്ഞിയകല്യാണ വസ്ത്രവും
എടുത്തു കുളിക്കാന്‍ പോയ
റാന്തല്‍ തിരി പോലെ മഞ്ഞളിച്ച
അമ്മ പിന്നേ തിരിച്ചു വന്നില്ല .

പുഴക്കടവില്‍ ഒളിക്കഥകളും വീശി
ചൂട്ടു കറ്റകള്‍ പരക്കം പാഞ്ഞ്
കാണാതായ അച്ഛനെ
അമ്മയുടെ പുലകുളിയില്‍

കുത്തി കെടുത്തി മുറ്റമിറങ്ങി.

ദൂര യാത്രയില്‍ പാതി വഴിയില്‍

കണ്മറഞ്ഞ മനുഷ്യനെ തേടി
പേരറിയാത്ത സ്റ്റേഷനില്‍
ഇറങ്ങിയോടുമ്പോള്‍
ജീവിത നിയോഗമായ്നീണ്ട പാളവും
വണ്ടിയും അവളെ കാത്തു കിടന്നു ....

പച്ചക്കൊടികള്‍ വീശുമ്പോള്‍
ഉദരത്തിലെ രഹസ്യ തുടിപ്പുമായ്
റയില്‍ പാളത്തിലേക്ക് നടന്ന
അവള്‍ക്ക് വഴി തെറ്റിയിരുന്നില്ല.

2009, ജനുവരി 27, ചൊവ്വാഴ്ച

ഒലിവു മരങ്ങളുടെ കലണ്ടര്‍


ചീന്തിപ്പോയ ജന്മങ്ങളുടെ
അടിക്കുറിപ്പുകള്‍ നിറഞ്ഞ കലണ്ടര്‍
നിശബ്ദമായ നാഴിക മണിയുടെ
പെന്ടുലത്തിനു താഴെ
തകര്‍ന്ന ചുവരില്‍ തൂങ്ങിയാടി .

അക്ഷാംശ രേഖാംശങ്ങള്‍
കാലത്തിനു അതിരുകളിട്ടപ്പോള്‍
സമചതുര കള്ളികളില്‍
തടവില്‍ ഞെരുങ്ങിയ
തിയ്യതിക്കൂട്ടങ്ങള്‍ക്ക്
വംശം വിടാത്ത സമരവീര്യം.

ബലിയര്‍പ്പണ ജാഥകളുടെ
അഗ്നിപടര്‍ന്ന ദിനങ്ങളില്‍
തിരിനാളങ്ങളെ ഓര്‍ക്കാന്‍
ജീവിതത്തില്‍ ആണിയടിച്ചിട്ടു‌ .

പ്രണയം മുഴുവന്‍ ചോര്‍ത്തിയ
സ്നേഹിത
പട്ടാള വഴിവക്കിലെ
ഒലിവു മരത്തില്‍
ചാര നിറത്തില്‍ ചിതറി പൂത്തത് .

കരിഞ്ഞ ഒലീവ് ഇലകളില്‍

തെരുവ് നായ്ക്കള്‍ ബാക്കിയിട്ട

മകളൊരു ചിതല്‍ പുറ്റായ്
നുരച്ചു പൊന്തിയത് .

മണ്ണിലെ വേരുകള്‍കള്‍ക്ക്
അതിരുകള്‍ മെനയുമ്പോള്‍
ഉന്നം തെറ്റാത്ത മകന്‍റെ കല്ലുകള്‍
വെടിയുണ്ടകള്‍ നിശബ്ദമാക്കിയത്‌ .


പുതിയ ജനനങ്ങള്‍ക്ക്
അസ്തമിക്കാത്ത മരണങ്ങള്‍
വീര്യമൊഴിച്ചു പിരിയുമ്പോള്‍
ദീര്‍ഘചതുര കള്ളികളില്‍


ജീവനുള്ള ചരിത്രത്തെ
നിങ്ങള്‍ കടലാസില്‍
കുഴി വെട്ടി മൂടുന്നു .

പകലറുതികളില്ലാത്ത
രണാങ്കണത്തില്‍
നാള്‍വഴികളിലോരോന്നായ്
വേരറ്റു പോകുന്ന
ചുവന്ന വിത്തുകളുടെ
ജാതക കുറിപ്പുകളാണിത്.

ആരും കുറിച്ചു വെക്കാനില്ലാത്ത
ചോര പുരണ്ട ഈ വാക്കുകള്‍
വെടിച്ചീളൂകള്‍ കടന്നു
നാളെ നിന്‍റെ മുന്നിലെത്തിയാല്‍
അതിലൊരു വിപ്ലവകാരിയുടെ
ജീവന്‍റെ നേര്‍ത്ത കനലുണ്ടായിരിക്കും .

2009, ജനുവരി 26, തിങ്കളാഴ്‌ച

....ചില അരമന രഹസ്യങ്ങള്‍



വിശുദ്ധ മറിയത്തിന്‍റെ
ആള്‍ത്താരയില്‍
മാതാവ് മുകളിലേക്ക്
കൈകള്‍ ഉയര്‍ത്തി
ആരയോ പ്രാകുന്നു..


പുത്രന്‍ പാപവും പേറി
ചോര വാര്‍ന്ന കണ്ണുകളുമായി
തലകുനിഞ്ഞു നില്‍ക്കുന്നു.


വിശുദ്ധ നാമങ്ങള്‍ വാഴ്ത്തുന്ന നാവുകള്‍
പുതിയ നാഭി ക്കുഴികള്‍ തേടുമ്പോള്‍
ബലിപീഡയില്‍ ഒരു മണവാട്ടി
സ്വയം സ്വര്‍ഗം പ്രാപിച്ചു കിടക്കുന്നു.


സന്യാസിനിയുടെ തിരുവസ്ത്രവും ചുറ്റി
ഓടുന്ന കാവല്‍ക്കാരനെ പേടിച്ചു
പിശാച് കുരിശിനരുകില്‍
കുന്തിച്ചിരിക്കുന്നു.


നിറഞ്ഞ
കക്കൂസ് കുഴികളില്‍
ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ കണ്ടു
തോട്ടികള്‍ ഊറിച്ചിരിക്കുന്നു..


വചനങ്ങളും നടത്തി പോയ
പ്രവാചകനെയോര്‍ത്തു
പുതിയ പഴയ നിയമങ്ങള്‍
വീഞ്ഞ പെട്ടിയില്‍ പിതാവിനെ
മുട്ട് കുത്തി വിളിക്കുന്നു ..


മൂന്നാമതൊരു നിയമത്തിന്‍റെ
ഉയര്‍ത്ത് എഴുനേല്‍പ്പിനായ്‌ ....