2009, ജനുവരി 27, ചൊവ്വാഴ്ച

ഒലിവു മരങ്ങളുടെ കലണ്ടര്‍


ചീന്തിപ്പോയ ജന്മങ്ങളുടെ
അടിക്കുറിപ്പുകള്‍ നിറഞ്ഞ കലണ്ടര്‍
നിശബ്ദമായ നാഴിക മണിയുടെ
പെന്ടുലത്തിനു താഴെ
തകര്‍ന്ന ചുവരില്‍ തൂങ്ങിയാടി .

അക്ഷാംശ രേഖാംശങ്ങള്‍
കാലത്തിനു അതിരുകളിട്ടപ്പോള്‍
സമചതുര കള്ളികളില്‍
തടവില്‍ ഞെരുങ്ങിയ
തിയ്യതിക്കൂട്ടങ്ങള്‍ക്ക്
വംശം വിടാത്ത സമരവീര്യം.

ബലിയര്‍പ്പണ ജാഥകളുടെ
അഗ്നിപടര്‍ന്ന ദിനങ്ങളില്‍
തിരിനാളങ്ങളെ ഓര്‍ക്കാന്‍
ജീവിതത്തില്‍ ആണിയടിച്ചിട്ടു‌ .

പ്രണയം മുഴുവന്‍ ചോര്‍ത്തിയ
സ്നേഹിത
പട്ടാള വഴിവക്കിലെ
ഒലിവു മരത്തില്‍
ചാര നിറത്തില്‍ ചിതറി പൂത്തത് .

കരിഞ്ഞ ഒലീവ് ഇലകളില്‍

തെരുവ് നായ്ക്കള്‍ ബാക്കിയിട്ട

മകളൊരു ചിതല്‍ പുറ്റായ്
നുരച്ചു പൊന്തിയത് .

മണ്ണിലെ വേരുകള്‍കള്‍ക്ക്
അതിരുകള്‍ മെനയുമ്പോള്‍
ഉന്നം തെറ്റാത്ത മകന്‍റെ കല്ലുകള്‍
വെടിയുണ്ടകള്‍ നിശബ്ദമാക്കിയത്‌ .


പുതിയ ജനനങ്ങള്‍ക്ക്
അസ്തമിക്കാത്ത മരണങ്ങള്‍
വീര്യമൊഴിച്ചു പിരിയുമ്പോള്‍
ദീര്‍ഘചതുര കള്ളികളില്‍


ജീവനുള്ള ചരിത്രത്തെ
നിങ്ങള്‍ കടലാസില്‍
കുഴി വെട്ടി മൂടുന്നു .

പകലറുതികളില്ലാത്ത
രണാങ്കണത്തില്‍
നാള്‍വഴികളിലോരോന്നായ്
വേരറ്റു പോകുന്ന
ചുവന്ന വിത്തുകളുടെ
ജാതക കുറിപ്പുകളാണിത്.

ആരും കുറിച്ചു വെക്കാനില്ലാത്ത
ചോര പുരണ്ട ഈ വാക്കുകള്‍
വെടിച്ചീളൂകള്‍ കടന്നു
നാളെ നിന്‍റെ മുന്നിലെത്തിയാല്‍
അതിലൊരു വിപ്ലവകാരിയുടെ
ജീവന്‍റെ നേര്‍ത്ത കനലുണ്ടായിരിക്കും .

1 അഭിപ്രായം:

നിങ്ങളുടെ സ്നേഹിതന്‍ പറഞ്ഞു...

മനോഹരം സുഹൃത്തേ...താങ്കളുടെ തൂലിക ഇനിയും ചലിക്കട്ടെ...