2010, നവംബർ 7, ഞായറാഴ്‌ച

കരിഞ്ഞ കടലാസുപൂക്കള്‍

******************
ഇന്നലെ പൊട്ടി തെറിച്ച 
കുന്നംകുളത്തെ പടക്ക ശാലയ്ക്ക് മുന്നില്‍ 
ഒരു പലസ്തീനിയന്‍ കവിത 
ചിതറി കിടക്കുന്നു. 

കവിയുടെ കടലാസുപൂക്കളില്‍ 
പാതിവിരിഞ്ഞ ഇതളിലൊരു 
ചോര കരിഞ്ഞ നിറമുണ്ടാകും .

മുറിവേറ്റ ഇതളുകള്‍ക്ക് 
ചക്രവാളച്ചുകപ്പിലേക്ക് വിടരാന്‍ 
അലറി കരയുന്ന തിരകളുണ്ടാകും 

വേരുകള്‍ ക്ക് പടര്‍ന്നു കയറാന്‍ 
ആകാശ ഗംഗയില്‍ പടവിടിഞ്ഞ 
നക്ഷത്രങ്ങളുടെ നനവുണ്ടാകും . 

പച്ച ഞരമ്പുകളില്‍ തൊലിയടര്‍ന്ന 
വെളിച്ചത്തിന്‍റെ സൗര യൂഥങ്ങള്‍ 
ഇരുട്ടിലേക്ക് മുഴച്ചു നില്‍ക്കും 

മഴ രാകിയ മൂര്‍ച്ചയില്‍ 
മുള്ളിലൊരു സ്നേഹത്തിന്‍റെ തുള്ളി 
മരവിച്ച് കൂര്‍ത്തിരിക്കും .

വഴിതെറ്റിയ പരാഗരേണുക്കളില്‍ 
പ്രണയമൊരു ഇണ പിരിഞ്ഞ 
കരി വണ്ടിനോട് കലഹിക്കും.

ശിഖരങ്ങള്‍ നാമ്പുകളടര്‍ത്തിയ 
കൊടുങ്കാറ്റിനോട് കയര്‍ത്ത് 
ഞെട്ടറ്റ സ്വപ്‌നങ്ങള്‍ പൊഴിക്കും .

വേദന നീലിച്ച മൊട്ടുകളില്‍ 
അനാഥ മാക്കപ്പെട്ട വര്‍ണ്ണങ്ങളുടെ 
നേര്‍ത്ത നിലവെളി കൂമ്പി നില്‍ക്കും

മണ്ണിന്‍റെ മുല ഞെട്ടു കളില്‍ 
ചിതലിന് നുണയാനൊരു വിരഹം 
ഇലത്തുമ്പില്‍ ജീവനറ്റ് അടരാതിക്കും .

ഗാസയിലെ കടലാസുപൂക്കള്‍ 
പടക്കങ്ങളായ് വെന്തടിഞ്ഞാലും 
അക്ഷരം നിനക്കൊരു നാളമായ് 
കാലത്തിന്‍റെ മുറിവില്‍ തങ്ങി നില്‍ക്കും.

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

കുമ്പസാരം

--
---------------------------------
ജോസഫ്,
വാക്കുകളുടെ
വായ്‌ത്തല കൊണ്ടല്ല
നിന്‍റെ കൈപ്പത്തിയുടെ
തുന്നലറ്റത് .





ചങ്ങല പൊട്ടിച്ച ചിന്തകളുടെ
കടിയേറ്റാണ്
മനസ്സിന് ഭ്രാന്തിള കിയത്.



ജോസഫ്‌
എനിക്കൊരു
കുമ്പസാര കൂടില്ല .
നിന്‍റെ ഇടതു വിരലു കളും
നാളെ പൊട്ടി തെറി ക്കാം


മുറിവില്‍ നിന്നും
അടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍
ഇടതു മുഷ്ടിയില്‍
നീ അമര്‍ത്തി പിടിക്കുക.


നനഞ്ഞ ഇരുട്ടിലും
നീയിനി
വാക്കുകള്‍ ഉരച്ച്
വെളിച്ചം കാട്ടരുത് .



വെളിച്ചത്തില്‍
തീപിടിക്കുന്ന
കറുത്ത മനസ്സുകളാണ്
പൊട്ടി തെറിക്കുന്ന
പുതിയ ബോംബുകള്‍


------------------------------------ഷംസ്

2010, ജൂൺ 15, ചൊവ്വാഴ്ച

ഭോപ്പാല്‍

ഭോപ്പാല്‍
---------------------
വിഷക്കാറ്റില്‍
കരളുണങ്ങി
കാഴ്ച മങ്ങിയ
ഓര്‍മ്മ വീണ്ടും
കിതച്ചു തുപ്പുന്നു.
കണ്ണ് പൊള്ളുന്നു,
കരയാനും നേരമില്ല
ജീവന്‍റെ
കയറ് പൊട്ടുന്നു.
നഗരം ചങ്ക് പൊട്ടി
മലര്‍ന്ന് വീഴുമ്പോള്‍
അമ്ല മഴയില്‍
രോമ കൂപം വിണ്ടു കീറി
ഞങ്ങള്‍ 
പുഴു വെടുക്കുന്നു.
നിങ്ങള്‍ വളര്‍ത്തിയ 
കറുത്ത പൂച്ചകള്‍ 
പെറ്റു പെരുകുന്നു.
കെണിയൊരുക്കി
നേര്‍ക്ക്‌ ചാടുന്നു.
വിഷം ചീറ്റിയ
കറുത്ത പൂച്ചയെ
തടവു ചാടിച്ച്
ഇന്നും കണ്ണടച്ച് 
നിങ്ങള്‍ 
പാല്‍ നുണയുന്നു.
നിങ്ങള്‍ 
വഴിയൊരുക്കുന്നു,
കടല് ചാടിയെത്തും  
കറുത്ത പൂച്ചകള്‍
പണി തുയര്‍ത്തുന്നു.
ക്ഷയം പിടിച്ച്‌
ചോര തുപ്പി 
മാനം 
കരി പിടിക്കുന്നു. 
പുതിയ പൂച്ചകള്‍ 
മണ്ണ് മാന്തി ,
മണല്  കോരി
ജലത്തിന്‍
വേരറുക്കുന്നു,
വര്‍ണ്ണ ക്കുപ്പി 
നിറയുന്നു.
തൊണ്ട വരളുമ്പോള്‍ 
ഞങ്ങള്‍ 
കൊടി പിടിക്കുന്നു,
ദാരിദ്ര്യ   കൈ മലര്‍ത്തി
വരുമാന കണക്കു ചൂണ്ടി
നിങ്ങള്‍
ചീറിയെത്തുന്നു.
ഞങ്ങടെ ദാഹം
തലയാട്ടി
തളര്‍ന്നു വീഴുന്നു.
നിങ്ങള്‍ പോറ്റിയ
കറുത്ത പൂച്ചകള്‍
 കുറുകെ ചാടുമ്പോള്‍
നീതി പീഠം
കണ്ണ് കെട്ടിയ
നിയമത്തിന്‍
ചേല കീറുന്നു. 
ഞങ്ങടെ
ശബ്ദ മുയര്‍ന്നാല്‍
കണ്ണ് പൊട്ടിയ
നിയമങ്ങള്‍
തുറിച്ചു നോക്കുന്നു.
--------------------------------ഷംസ് 

2010, ജൂൺ 5, ശനിയാഴ്‌ച

മരം -

----------------------
മരിച്ച നിനക്ക് 
ജീവനുള്ള എന്നെ വെട്ടി 
ചിത യൊരുക്കുന്നു .


ചുടല പറമ്പിലൂടെ 
ഒഴുകി വരളുന്ന കണ്ണു നീര്‍ 
ഇന്നലെ നീ കൊന്ന 
എന്‍റെ പുഴയുടെ 
നിറഞ്ഞ ചിരിയാണ് .


അവളുടെ 
മാറിലെ മുറിവുകള്‍ 
നീ കുടിച്ച്‌ തീര്‍ത്ത ജീവ ജലം,


അവളുടെ 
ആകാശ മേഘങ്ങള്‍ 
നിന്‍റെ ജീവന്‍റെ കാറ്റും ,
എന്നിട്ടും 
നീയവളെ വ്യഭി ചരിക്കുന്നു.. 


ഓരോ ദൈവത്തിനും 
ഒറ്റ മരത്തില്‍ 
പീഠംങ്ങള്‍ പണിയാന്‍ 
പലരായ്‌ നട്ട മരങ്ങളെല്ലാം 
ഒറ്റ ഒരാള്‍ക്കായ്‌ നിങ്ങള്‍ 
മുറിച്ചെടുക്കുന്നു . 


നിനക്കിനി ആമര മീമര 
മോതുവാനൊരു മരമെവിടെ ?
 മുറിവേറ്റു പിടയുമ്പോള്‍ 
ഇതു വഴി പോകാ ന്‍ 
എനിയ്ക്കൊരു താപസനും .
----------------------------------------ഷംസ്

2010, മേയ് 4, ചൊവ്വാഴ്ച

*മൊസ്യുളിലെ കിളിക്കൂട്ടം

--------------------
പണ്ടവര്‍
ചിറകിന്
ആകാശ മുള്ളവര്‍ .
ആകാശത്തിന്‌
അതിരുകളി ല്ലാത്തവര്‍ .

വിതച്ചവര്‍
കൊയ്തവര്‍
ആകാശ ചരുവിലെ
മഴ വിത്ത് തിന്നവര്‍ .

വിശന്നപ്പോള്‍
കൂട്ടിലടക്കപ്പെട്ടവര്‍
കൊക്കുരുമി പിന്നെയും
കളപ്പുരകള്‍ നിറച്ചവര്‍ .

വസന്ത കാലങ്ങളില്‍
ഇടി മുഴങ്ങിയപ്പോള്‍
വെള്ളിടി ക്കതിരിനായ്
തോളുരുമ്മി പറന്നവര്‍ .

കൊക്കുകളുരസി
കൊത്തി മരിക്കുമ്പോള്‍
കിഴക്കും പടിഞ്ഞാറും
തെക്കും വടക്കു മില്ലാത്തവര്‍ .

വഴികള്‍ നാളെ ഇഴവിട്ട
നാളുകള്‍ ചിക്കിയാല്‍
പിന്‍വിളിയില്‍ ഓര്‍ക്കാന്‍
നന്മ പതിരിലും പൂവിട്ടവര്‍ .

മുളയില്ലാ വിത്തിന്‍റെ
കതിര് കുലച്ച പ്പോള്‍
പാടത്ത് വിതയിട്ട
കഴുകന്‍റെ നെഞ്ചില്‍
കൊത്തി ചികഞ്ഞവര്‍ .

ഇന്നവര്‍
മണ്ണില്‍ നിന്നും
വംശ ശിഖരങ്ങള്‍
പറിച്ചെറിയപ്പെടുന്നവര്‍ .

മെരുക്കി യെടുക്കാന്‍
കൂട്ടം തെറ്റിച്ചവര്‍
പേരിലും വേരിലും
പച്ച കുത്തി
കൂട്ടം പിരിച്ചവര്‍ .

ചിറകിനാകാശമില്ലാത്തവര്‍
തെക്കും വടക്കും
കൊത്തി മരി ക്കാന്‍
കിഴക്കും പടിഞ്ഞാറു മായ്
തരം തിരിക്കപ്പെട്ടവര്‍

വലകളും കെണികളും
കൊത്തി മാറ്റി
ചിറകറ്റു പിടയുന്ന
കിളിയുടെ കൂട് തേടാം
നേരിന്‍റെ ഉറവുള്ള
കണ്ണുകള്‍ ചേര്‍ന്ന് വാങ്ങാം.

വറ്റാത്ത കനലിലെ
നോവുകള്‍ ഊതി
തിമിര മുറയുന്ന കുഴികളില്‍
ചേര്‍ത്ത് തുന്നാം .

ഇരുട്ടിന്‍റെ ഭാണ്ഡങ്ങള്‍
ചുമലി റക്കി
എരിയുന്ന കനലി ന്‍റെ
മുനകളാവാം .
നേരിന്‍റെ കണ്ണു കള്‍
കൊത്തി പറക്കുന്ന
കഴുകന്‍റെ കൂടിന്
കല്ലെറിയാം .
------------------------------
ഷംസ് ബാലുശ്ശേരി
*മൊസ്യുള്‍ ..
ആയിരക്കണി ക്ക്‌ വര്‍ഷം ചരിത്ര പൈതൃക മുള്ള ,സാംസ്കാരിക പൈതൃക മുള്ള ടൈഗ്രിസ്‌ നദിക്കരയിലെ ഒരു പട്ടണം ..ബാഗ്ദാദു കഴിഞ്ഞാല്‍ ഇറാക്കിലെ ഏറ്റവും വലിയ പട്ടണം
.

2010, ഏപ്രിൽ 3, ശനിയാഴ്‌ച

കലിയുഗ സത്യങ്ങള്‍

------------

കലിയുഗമാണ്
ഗാന്ധിയുടെ നാട്ടില്‍
സത്യത്തെ സ്വപ്നം കാണരുത്
അത് സങ്കല്‍പങ്ങളുടെ പ്രേതമാണ്‌ .

സത്യം കൊത്തിയ ആ
ശില്‍പ്പിയെ നോക്കു
പണ്ട്‌ കൈകളുണ്ടായിരുന്നു .
ആ ചിത്രമെഴുതിയയാള്‍
ഈ നാട്ടു കാരനായിരുന്നു .
കല്ലേറ് കൊള്ളുന്ന ഭ്രാന്തനെ കണ്ടോ
വാക്കുകളില്‍
നേരിന്‍റെ അക്ഷരങ്ങള്‍ നിറച്ച
കവിയായിരുന്നു.

ആദിമ ചിന്താ മണ്ഡല ത്തില്‍
ആര്‍ഷ സംസ്കാരത്തിന്‍റെ
തെരു വീഥിയിലെ
കാലത്തെ ചൂണ്ടി
അപരിഷ്കൃത സത്യങ്ങള്‍
ഊതി കാച്ചണമെന്നു പറഞ്ഞവര്‍

നീ പരിഷ്കൃതന്‍
ഇനി കണ്ണു തുറക്കുക
കാഴ്ചയുടെ തന്മാത്രകള്‍
വിഘടിപ്പിച്ചിരിക്കുന്നു.
കാതു തുറക്കുക
കേള്‍വിയുടെ
സമനില തെറ്റിച്ചിരിക്കുന്നു .
വായ തുറക്കുക
നാവ് മുറിച്ചു കഴിഞ്ഞു .

നീ നഗ്ന നാണെന്ന് പറയുന്ന
കുട്ടിയുടെ തല വെട്ടുകയല്ല
വളരുന്ന രാജ്യ ദ്രോഹികളെ
കുഴിച്ചു മൂടുകയാണ്.
ശൂല മുനകളാള്‍ എഴുതാനും
എഴുത്താണി മുനകളാള്‍
വധിക്കാനും
നീ പഠിച്ചു കഴിഞ്ഞു .

--------------------------ഷംസ്

2010, മാർച്ച് 5, വെള്ളിയാഴ്‌ച

പ്രവാചകന്‍


----------------
ഞാനാണ് സത്യം
മോക്ഷം നല്‍കാന്‍
തെരഞ്ഞെടുക്കപ്പെട്ടവന്‍ .

ജീവിത ത്തില്‍
കണ്ണും കാതും കൂര്‍പ്പിക്കുക
വഴിയിലോരോ
ഇരുട്ടിലും വെളിച്ചത്തിലും
ഞാനുണ്ട് .

വഴിയില്‍ പതുങ്ങി നില്‍ക്കേണ്ട
പ്രലോഭനങ്ങളില്‍ വീഴ്ത്തി
ഇരുണ്ട ദീപിലേക്ക് വിളിക്കാന്‍
എന്‍റെ വലയം നിന്‍റെ ചുറ്റുമുണ്ട് .

പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല
നിയോഗിക്ക പ്പെട്ടവരന്ന്
വിശേഷിക്കപ്പട്ട
കൃഷ്ണനെയും കര്‍ത്താവിനെയും
മുഹമ്മദിനെയും
ഞാന്‍ നശിപ്പിച്ചു .
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണന്നു
പറഞ്ഞവനെയും .

മതങ്ങളിലെ
കറുപ്പ് മാത്രം തെരച്ച്
നീല വലയങ്ങളില്‍ വിരിയുന്ന
ചുവന്ന പൂക്കളെ
സ്വപ്നം കണ്ടു നീയൊരു
കമ്മ്യുണിസ്റ്റല്ലാതായി .

സ്വര്‍ഗം കനം തൂങ്ങി
ആകാശ മിടിഞ്ഞാല്‍
കൈകള്‍ ഉയര്‍ത്തി പിടിക്കുമെന്ന്
ആക്രോശിക്കുമ്പോള്‍
തലയില്‍ നരക തീ
വീഴുമെന്ന ഭയം നിനക്കില്ല .

സൂര്യന്‍ വീണു ടഞ്ഞാല്‍
വരാനിരിക്കുന്നവര്‍ക്ക്
ജീവന്‍റെ കെട്ട് പോകാത്ത തിരി തേടി
നീയൊരു വിശ്വാസിയാ കാതെ
പിന്തിരിഞ്ഞു നില്‍ക്കുന്നു.

എനിക്ക് മതമില്ല
ദിവ്യ പുരുഷന്‍ മാര്‍
ശുക്ല പൂക്കള്‍ വിരിയിച്ചു
വംശം വളര്‍ത്തുന്ന
താമര തണ്ടിലെ രോമമല്ല
എന്‍റെ വേരിലെ വിശ്വാസം.

അവസാനം
എന്നോട് പട വെട്ടി നീയും
വഴിയില്‍ പിടഞ്ഞു മരിക്കും .
പ്രവാചകന് മരണമില്ല
ഞാനാണ് മരണം .
-----------------------------ഷംസ്

2010, ജനുവരി 13, ബുധനാഴ്‌ച

സര്‍ക്കാര്‍ ക .പ.

***************
സര്‍ക്കാരാപ്പീസ്
--------------
മുട്ടുവിന്‍ തുറക്കപ്പെടും
പണമില്ലെങ്കില്‍ അടയ്ക്കപ്പെടും .

പോലീസ് സ്റ്റേഷന്‍
---------------
മുട്ടുവിന്‍ അടക്കപ്പെടും
പണമുണ്ടെങ്കില്‍ രക്ഷപ്പെടും .

വിദ്യാഭ്യാസം
------------
മുട്ടേണ്ട തുറന്നിട്ടിരിക്കുന്നു
പണമുണ്ടെങ്കില്‍ കയറി പറ്റാം.

സര്‍ക്കാരാശുപത്രി
-----------
മുട്ടി തുറക്കാം
പണമുണ്ടെങ്കിലും രക്ഷപെടില്ല..

മദ്യ ഷാപ്പ്
----------
മുട്ടി തുറപ്പിക്കാം
പെട്ടിയില്‍ നിറയെ ഗാന്ധിയെ കാണാം.

ഞാന്‍
--------
മുട്ടിയാലും തുറന്നാലും കാണില്ല
പണം തന്നാലൊരു വോട്ടു തരാം .

---------------------------ഷംസ്