2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഒരു ചോദ്യം

????????????????????????
പുറത്ത് നിന്ന് പൂട്ടാന്‍
വാതിലിന്
ഒരു ഓടാമ്പിലയുണ്ട് .
അകത്ത് നിന്ന് പൂട്ടാന്‍
വാതിലിന് ഒരു താഴുണ്ട് .
ആണായതിനാലാണോ
വാതിലുകളെല്ലാം
നിന്നെ തുറന്ന് വിടുന്നത് .


വഴിതെറ്റി ഓടുന്ന
നിയമത്തെ
റോഡില്‍ നിര്‍ത്താനൊരു
ബെല്ലുണ്ട് .


കടിഞ്ഞാണില്ലാതെ പായുന്ന
ഭരണത്തെ
പാളത്തില്‍ ഒതുക്കാനോരു
ചങ്ങല യുണ്ട് .


ബെല്ലും ചങ്ങലയുമില്ലാതെ
ഞങ്ങള്‍
പെറുന്നത് കൊണ്ടാണോ
ജീവിതത്തിലെ
ബോഗികളിലെല്ലാം
നിര്‍ത്താതെ
ഒറ്റ കയ്യന്‍മാര്‍
നുഴഞ്ഞ് കയറുന്നത് .
----------------------------------------ഷംസ്

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

ചുടല മരം

------------------------------

പേരമരച്ചോട്ടില്‍
അടുത്ത വീട്ടിലെ കൌമാരക്കാരി
ഉഞ്ഞലാടാനെത്തിയതിനാണ്
രസം വെച്ച് അച്ഛന്‍ പേരയുണക്കിയത് .


തെരുവിലേക്ക് നീണ്ട കൊമ്പില്‍
ചുവന്നൊരു കൊടി കണ്ടപ്പോ ഴാണ്
ഇടത്‌ ഭാഗത്തേക്ക് ചായുമെന്ന് പറഞ്ഞ്
അച്ഛന്‍ ആഞ്ഞിലി മുറിച്ചൊരു
ചില്ലലമാര യുണ്ടാക്കിയത്.

കളിപ്പാട്ടങ്ങളില്ലാത്ത വീട്ടിലെ
ചില്ലലമാറയ്ക്ക് ഒരു പൂട്ട്‌ വന്നപ്പോഴാണ്
പുസ്തകങ്ങള്‍ എനിക്ക് അന്യമായത്.


മഹാഗണിയുടെ
തോല് വെട്ടുന്ന ചെക്കന്‍
പെണ്ണ് കെട്ടാതിരുന്നത്തിനാണ് ,
മഹാ ഗണി മുറിച്ച്
അച്ഛന്‍ രണ്ടു കട്ടിലുണ്ടാക്കിയത് .


കട്ടിലുകള്‍ രണ്ടു മുറിയിലേക്ക്
താമസം മാറിയ അന്നാണ്
പാത്രങ്ങള്‍
തട്ടുകയും മുട്ടുകയും ചെയ്യാതെ
വീടൊരു മ്യൂസിയമായത്.


വീടൊരു കാവായിരുന്നു ,


വെട്ടിയും,
മുറിച്ചും,
ഉണക്കിയും,
ഒരു മാവ് ബാക്കിവെച്ച്
അച്ഛന്‍ മരിച്ചു .


അച്ഛനെ ചുടാന്‍
ഞാനാ മാവ് മുറിക്കില്ല,
വീട്ടിലൊരു കൊമ്പെങ്കിലും വേണ്ടേ
അമ്മയ്ക്ക് തൂങ്ങാന്‍ ...
----------------------------------------------ഷംസ്

2011, ജനുവരി 28, വെള്ളിയാഴ്‌ച

കുളിമുറി


-----------------------------


കുളിക്കുമ്പോള്‍
മുഖം കാണിക്കല്‍ ഹറാമാണ് .


കുറ്റിയും കൊളുത്തും വെക്കാന്‍
പുഴയ്ക് ഒരു വാതിലില്ലായിരുന്നു.
മറഞ്ഞു നില്‍ക്കാന്‍
പുഴയ്ക്ക് നാല് ചുവരും.
മഴ നനയാതിരിക്കാന്‍
ഒരു മേല്‍ക്കൂരയും .


രാത്രിയില്‍
പുഴക്കടവിലെ പൊന്തക്കാട്ടില്‍
കള്ളക്കണ്ണുകള്‍
ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാണ്
ബാപ്പ വീട്ടിലൊരു കുളി മുറി പണിതത്.


അടച്ചുറപ്പുള്ള ആ കുളി മുറിയാണ്
ഒരു പകല്‍ മഴയത്ത്
എന്‍റെ കുളിയാദ്യം തെറ്റിച്ചത്.
-----------------------------------------------ഷംസ്

രണ്ട് ചെമ്പരത്തി പൂക്കള്‍


*******************
എത്ര തൊട്ടാലും വാടില്ലായിരുന്നു
അടുത്ത വീട്ടിലെ തൊട്ടാവാടി.


മുനകളെത്ര ഒടിച്ചാലും വളരു മായിരുന്നു
അവളുടെ നെഞ്ചിലേക്ക്
കണ്ണില്‍ നിന്നും വീണ്ടുമൊരു കൂര്‍ത്ത ചില്ല .

പുഴയിലേക്ക് നീണ്ട വേരുകള്‍
ഇടവഴിയില്‍
കെട്ടിപ്പിണഞ്ഞ് മുരടിച്ചാണ്
രണ്ടു വീട്ടിലും
ഓരോ ചെമ്പരത്തി കാടുണ്ടായത്.


-----------------------------------------------ഷംസ്


2010, നവംബർ 7, ഞായറാഴ്‌ച

കരിഞ്ഞ കടലാസുപൂക്കള്‍

******************
ഇന്നലെ പൊട്ടി തെറിച്ച 
കുന്നംകുളത്തെ പടക്ക ശാലയ്ക്ക് മുന്നില്‍ 
ഒരു പലസ്തീനിയന്‍ കവിത 
ചിതറി കിടക്കുന്നു. 

കവിയുടെ കടലാസുപൂക്കളില്‍ 
പാതിവിരിഞ്ഞ ഇതളിലൊരു 
ചോര കരിഞ്ഞ നിറമുണ്ടാകും .

മുറിവേറ്റ ഇതളുകള്‍ക്ക് 
ചക്രവാളച്ചുകപ്പിലേക്ക് വിടരാന്‍ 
അലറി കരയുന്ന തിരകളുണ്ടാകും 

വേരുകള്‍ ക്ക് പടര്‍ന്നു കയറാന്‍ 
ആകാശ ഗംഗയില്‍ പടവിടിഞ്ഞ 
നക്ഷത്രങ്ങളുടെ നനവുണ്ടാകും . 

പച്ച ഞരമ്പുകളില്‍ തൊലിയടര്‍ന്ന 
വെളിച്ചത്തിന്‍റെ സൗര യൂഥങ്ങള്‍ 
ഇരുട്ടിലേക്ക് മുഴച്ചു നില്‍ക്കും 

മഴ രാകിയ മൂര്‍ച്ചയില്‍ 
മുള്ളിലൊരു സ്നേഹത്തിന്‍റെ തുള്ളി 
മരവിച്ച് കൂര്‍ത്തിരിക്കും .

വഴിതെറ്റിയ പരാഗരേണുക്കളില്‍ 
പ്രണയമൊരു ഇണ പിരിഞ്ഞ 
കരി വണ്ടിനോട് കലഹിക്കും.

ശിഖരങ്ങള്‍ നാമ്പുകളടര്‍ത്തിയ 
കൊടുങ്കാറ്റിനോട് കയര്‍ത്ത് 
ഞെട്ടറ്റ സ്വപ്‌നങ്ങള്‍ പൊഴിക്കും .

വേദന നീലിച്ച മൊട്ടുകളില്‍ 
അനാഥ മാക്കപ്പെട്ട വര്‍ണ്ണങ്ങളുടെ 
നേര്‍ത്ത നിലവെളി കൂമ്പി നില്‍ക്കും

മണ്ണിന്‍റെ മുല ഞെട്ടു കളില്‍ 
ചിതലിന് നുണയാനൊരു വിരഹം 
ഇലത്തുമ്പില്‍ ജീവനറ്റ് അടരാതിക്കും .

ഗാസയിലെ കടലാസുപൂക്കള്‍ 
പടക്കങ്ങളായ് വെന്തടിഞ്ഞാലും 
അക്ഷരം നിനക്കൊരു നാളമായ് 
കാലത്തിന്‍റെ മുറിവില്‍ തങ്ങി നില്‍ക്കും.

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

കുമ്പസാരം

--
---------------------------------
ജോസഫ്,
വാക്കുകളുടെ
വായ്‌ത്തല കൊണ്ടല്ല
നിന്‍റെ കൈപ്പത്തിയുടെ
തുന്നലറ്റത് .





ചങ്ങല പൊട്ടിച്ച ചിന്തകളുടെ
കടിയേറ്റാണ്
മനസ്സിന് ഭ്രാന്തിള കിയത്.



ജോസഫ്‌
എനിക്കൊരു
കുമ്പസാര കൂടില്ല .
നിന്‍റെ ഇടതു വിരലു കളും
നാളെ പൊട്ടി തെറി ക്കാം


മുറിവില്‍ നിന്നും
അടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍
ഇടതു മുഷ്ടിയില്‍
നീ അമര്‍ത്തി പിടിക്കുക.


നനഞ്ഞ ഇരുട്ടിലും
നീയിനി
വാക്കുകള്‍ ഉരച്ച്
വെളിച്ചം കാട്ടരുത് .



വെളിച്ചത്തില്‍
തീപിടിക്കുന്ന
കറുത്ത മനസ്സുകളാണ്
പൊട്ടി തെറിക്കുന്ന
പുതിയ ബോംബുകള്‍


------------------------------------ഷംസ്

2010, ജൂൺ 15, ചൊവ്വാഴ്ച

ഭോപ്പാല്‍

ഭോപ്പാല്‍
---------------------
വിഷക്കാറ്റില്‍
കരളുണങ്ങി
കാഴ്ച മങ്ങിയ
ഓര്‍മ്മ വീണ്ടും
കിതച്ചു തുപ്പുന്നു.
കണ്ണ് പൊള്ളുന്നു,
കരയാനും നേരമില്ല
ജീവന്‍റെ
കയറ് പൊട്ടുന്നു.
നഗരം ചങ്ക് പൊട്ടി
മലര്‍ന്ന് വീഴുമ്പോള്‍
അമ്ല മഴയില്‍
രോമ കൂപം വിണ്ടു കീറി
ഞങ്ങള്‍ 
പുഴു വെടുക്കുന്നു.
നിങ്ങള്‍ വളര്‍ത്തിയ 
കറുത്ത പൂച്ചകള്‍ 
പെറ്റു പെരുകുന്നു.
കെണിയൊരുക്കി
നേര്‍ക്ക്‌ ചാടുന്നു.
വിഷം ചീറ്റിയ
കറുത്ത പൂച്ചയെ
തടവു ചാടിച്ച്
ഇന്നും കണ്ണടച്ച് 
നിങ്ങള്‍ 
പാല്‍ നുണയുന്നു.
നിങ്ങള്‍ 
വഴിയൊരുക്കുന്നു,
കടല് ചാടിയെത്തും  
കറുത്ത പൂച്ചകള്‍
പണി തുയര്‍ത്തുന്നു.
ക്ഷയം പിടിച്ച്‌
ചോര തുപ്പി 
മാനം 
കരി പിടിക്കുന്നു. 
പുതിയ പൂച്ചകള്‍ 
മണ്ണ് മാന്തി ,
മണല്  കോരി
ജലത്തിന്‍
വേരറുക്കുന്നു,
വര്‍ണ്ണ ക്കുപ്പി 
നിറയുന്നു.
തൊണ്ട വരളുമ്പോള്‍ 
ഞങ്ങള്‍ 
കൊടി പിടിക്കുന്നു,
ദാരിദ്ര്യ   കൈ മലര്‍ത്തി
വരുമാന കണക്കു ചൂണ്ടി
നിങ്ങള്‍
ചീറിയെത്തുന്നു.
ഞങ്ങടെ ദാഹം
തലയാട്ടി
തളര്‍ന്നു വീഴുന്നു.
നിങ്ങള്‍ പോറ്റിയ
കറുത്ത പൂച്ചകള്‍
 കുറുകെ ചാടുമ്പോള്‍
നീതി പീഠം
കണ്ണ് കെട്ടിയ
നിയമത്തിന്‍
ചേല കീറുന്നു. 
ഞങ്ങടെ
ശബ്ദ മുയര്‍ന്നാല്‍
കണ്ണ് പൊട്ടിയ
നിയമങ്ങള്‍
തുറിച്ചു നോക്കുന്നു.
--------------------------------ഷംസ്