2009, ജൂലൈ 22, ബുധനാഴ്‌ച

മനസ്സ്‌

---------
തുറന്നു പിടിച്ചാല്‍
ചക്രവാളത്തിലേക്ക്
വെളിച്ചം തേടി
പറന്നു പോകും .
അമര്‍ത്തി പിടിച്ചാല്‍
ചിറ കൊടിയുന്ന
മരണ വെപ്രാളം .
പിടുത്തം തെറ്റിയാല്‍
തിരിഞ്ഞ് കൊത്തും .
മെരുക്കിയെടുക്കാന്‍
കൂട്ടിലടച്ചിട്ടു.
കൂടിനു പുറത്ത്‌ ആളുകള്‍
ചങ്ങല യുമായ്‌
കാത്തിരിക്കുന്നു.
കിളിയെ തുറക്കുന്ന
കൈകളെ പൂട്ടാന്‍
നീ തന്നെ കണ്ടു പിടിച്ച
മരുന്നാണത് .
----------------------sHAMs

2009, ജൂലൈ 18, ശനിയാഴ്‌ച

കണ്ണാടി

-----------
ചങ്ങാതി പിണങ്ങി പ്പോയപ്പോള്‍
ഞാനൊരു കണ്ണാടി വാങ്ങി
ചങ്ങാതി യായ ഒരാള്‍ വിറ്റതാണ് എന്നെ
കണ്ണാടി പറഞ്ഞു .
കണ്ണാടി ചീന്തിനോക്കിയപ്പോള്‍
കരിവാളിച്ചൊരു പാതി മുഖം,
മറു പാതിയില്‍ പഴയൊരു
മരക്കുരിശും
മുപ്പത്‌ വെള്ളിക്കാശും
-------------------ഷംസ്

2009, മേയ് 21, വ്യാഴാഴ്‌ച

പട്ടിണി തിരകള്‍

------------
കോരന്
കുമ്പിളില്‍ നിന്നും
കഞ്ഞി ചട്ടി ദൂരം
എഴുത്തോലകളിലെ
പൊട്ടിച്ചെറിയാനുള്ള
ചങ്ങലയുടെ നീളമാണ്

ചുറ്റികയും
അരിവാളുംഅടര്‍ന്നു പോയ
ചെങ്കടലിന്റെ അടിത്തട്ട്
കോരിയ പാത്രത്തില്‍
കാലം ചേര്‍ത്ത തിരകളില്ല
ചങ്കറ്റ സഖാക്കളുടെ രക്തക്കറ

ദിശ തെറ്റിയ കപ്പിത്താന്‍മാര്‍
പുത്തന്‍ കൂറ്റില്‍ എഴുതിയ
വാറോല യിലെ മുദ്രാവാക്യം ......

രക്തസാക്ഷി നാമം വാഴ്ത്തുക
പണം പിരിക്കുക തൊട്ടികളില്‍
പണിതുയര്‍ത്തുക സൌധങ്ങള്‍
മുദ്രാ വാക്യ തൊഴിലാളികളെ
കഞ്ഞി ചട്ടികള്‍ തീറ്റി പോറ്റും

കോരന്‍ നീട്ടി തുപ്പീ മുറി ബീഡി
ലക്‌ഷ്യം മുഴുവന്‍ മാറി മറിഞ്ഞു
ഉന്മേഷത്തില്‍ വയലേലകളില്‍
ഉത്സാഹത്തിന്‍ കൊടിയേറ്റം
ഒളിവിലിരുന്നു പടയണി ചേര്‍ന്നു

പന്നികൂട്ടില്‍ നോക്കിയിരിക്കും
പട്ടിണിയില്ലാ നേതൃത്വത്തിന്‍
അധിനിവേശ കാറ്റിന്നെതിരെ
പട്ടിണി കനലുകള്‍ നീറി കത്തി

തിരകള്‍ മുഴവന്‍ വറ്റി വരണ്ടു
വിണ്ടു കീറിയ നക്ഷത്രം
ചുവന്ന മണ്ണില്‍ ഉരുകിയൊലിച്ചു

കളകള്‍ വെട്ടി അറച്ച കൈകള്‍
വിത്തുകള്‍ പാകിയ മണ്ണില്‍ തന്നെ
മുഷ്ടി ചുരുട്ടി ചിഹ്നം മാറ്റി
ചുവന്ന കൊടിയില്‍ തുന്നി ചേര്‍ത്തു
മാറ്റം തന്നെ വിപ്ലവ വാക്യം
-----------------------------------ഷംസ്

2009, മേയ് 16, ശനിയാഴ്‌ച

നിഴല്‍

ഗര്‍ഭ സഞ്ചിയില്‍
ഇരുട്ടില്‍ കിട്ടിയ അനക്കം
പുലരിയില്‍ ഉണര്‍ന്ന്
പകലിനോടൊപ്പം വളര്‍ന്നു

അഹങ്കാരത്തിന്റെ നട്ടുച്ച
മധ്യായനതിന്റെ ആലസ്യം
വൈകുന്നേരം
ചക്രശ്വാസം വലിച്ച്
സന്ധ്യയില്‍ ചേക്കേറി

തനിയാവര്‍ത്ത നങ്ങളില്‍
ജന്മാന്തരങ്ങളുടെ
വഴിപ്പൊത്തില്‍
കണയൊടിഞ്ഞ ആയുസ്സ്‌
ലാടം തേഞ്ഞ കാലനെ
ചൂണ്ടലിട്ടിരുന്നു

മാലിന്യങ്ങള്‍ പതിഞ്ഞ
മെതിയടി ചിതലരിച്ച്
ഓര്‍മകളുടെ ആണിയിളകി
ജന്മം തെക്കോട്ട്‌
തല വെച്ചുറങ്ങി

അനാഥമായി
പാതി കത്തിയ ചിത
ആരൊ ഉഴുതു മറിച്ചപ്പോള്‍
തലയോട്ടി പൊട്ടി
ചിറകു കരിഞ്ഞ നിഴല്‍
കാറ്റിലേക്ക് പറന്നു...

വഴിവക്കിലെ
മഹാ മൌന
ശിഖരത്തിലെത്തുന്ന
യാത്രക്കാരെ
ചുണ്ണാമ്പ് ചോദിച്ച്

പേടിപ്പിക്കുന്നു
------------------------ഷംസ്.

2009, മേയ് 8, വെള്ളിയാഴ്‌ച

പാദ മുദ്രകള്‍

ചാട്ട വാറിന്റെ
അലര്‍ച്ചകള്‍
ചുര മിറങ്ങാത്ത
കൊല്ലികളില്‍
ചെകുത്താന്‍ കാറ്റായി
വീശിയടിച്ചു

താഴ്വാരങ്ങളില്‍
വസൂരിപ്പനിയില്‍
പട്ടിണി
വെളിച്ചപ്പാട് തുള്ളി

എണ്ണകറപ്പുകള്‍
പാടവരമ്പില്‍
ചളി പുരണ്ട രേതസ്സുമായ്
ചുട്ട കണ്ണീരില്‍ പാട്ടമളന്നു

കോളറ പിടിച്ച വിശപ്പ്‌
കല്ലച്ച് കൂടങ്ങളില്‍
കടലാസിനു തീപിടിച്ചു

ധാന്യ പുരകളിലെ
അടച്ചിട്ട നിലവറകളില്‍
ദുര്‍ മേദസ്സുകള്‍ ഉരുകി
കരിന്തിരി കത്തി

രൌദ്ര ഭാവം പൂണ്ട
ആഹ്വാന തരംഗങ്ങള്‍
ചിന്താ കൂപങ്ങളില്‍
തുടിതാള നൃത്തം ചവിട്ടി

കൊടിയും ജാഥയുമായ്‌
കടലെടുത്ത മനസ്സുകളുടെ
പാത കളിലെവിടെയും
പാദമറ്റു പോകാത്തവര്‍ ,
പ്രകൃതിയോട് മല്ലിട്ടവര്‍
പത്തായ പുരയോട്
പട വെട്ടിയപ്പോയാണ്
കബനീ നദി ആദ്യം ചുവന്നത്
.---------------------------------ഷംസ്

2009, മേയ് 3, ഞായറാഴ്‌ച

കാഴ്ച

മുന്നിലൂടെ
ഒരു ജീവിതം
നടന്നു പോകുന്നത്
കാണുന്നില്ലേ ..?
നീ ചോദിച്ചു

കാഴ്ചകള്‍ കാണാന്‍
കണ്ണട വേണം
കണ്ണടയങ്ങനെ പറഞ്ഞു

കണ്ണടയില്ലാതെ
എനിയ്ക്കു കാണാം
കണ്ണിങ്ങനെ പറഞ്ഞു

കണ്ണടയും കണ്ണുമില്ലാതെ
എനിയ്ക്ക് കാണാം
ഞാനും പറഞ്ഞു

കണ്ണടയും കണ്ണും ഞാനും
ഇപ്പോള്‍
കാഴ്ച തപ്പി നടക്കുന്നു
നിന്നെ കാണാന്‍ .....
-------------------------sHaMs

2009, മാർച്ച് 24, ചൊവ്വാഴ്ച

..കുത്തഴിക്കപ്പെട്ടവള്‍


പുസ്‌തകത്താളിലെ
മയില്‍പ്പീലിയായ്‌
നിള സ്വപ്നത്തില്‍
ഉറങ്ങിയെണീറ്റു


ജീര്‍ണങ്ങളില്‍
ദുര്‍ഗ്ഗന്ധത്തില്‍
പുലര്‍ച്ചെ
മന്ത്രാക്ഷരങ്ങള്‍
മാതൃബലി


മലം ഒട്ടിപ്പിടിച്ച
വസ്‌ത്രങ്ങള്‍
നിന്റെ നഗ്നതയില്‍
പഴയ സങ്കീര്‍ത്തനങ്ങള്‍
ആറാനിട്ടിരിക്കുന്നു


മണല്‍കൊയ്‌ത്തുകാര്‍
ഗര്‍ഭപാത്രം തുരന്ന്
ഭ്രൂണത്തിന്റെ
കണ്ണുകള്‍കൊണ്ട്‌
പുതിയ നക്ഷത്രങ്ങള്‍
നിര്‍മ്മിക്കുന്നു


നഗ്നയാക്കപ്പെട്ടവള്‍
നാണം മറയ്‌ക്കാന്‍
ചെളിക്കുത്തുകളില്‍ നേര്‍ത്ത്‌
ഒരു വെള്ളിയരഞ്ഞാണമായ്‌
പൂണ്ടു കിടക്കുന്നു


പൊറ്റയടര്‍ന്ന സ്വപ്‌നം
ചോരയൊലിപ്പിച്ചെങ്കിലും
പണിതീരാത്ത പുതിയ
നക്ഷത്രക്കൂടാരത്തിലേക്ക്‌
ഒരുതോണി മണലും
തെളിച്ചു ഞാന്‍ നടന്നു.
--------------------------------sHaMs