2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ഒട്ടക മനുഷ്യന്‍

പുഴയുടെ
വാതിലില്‍
ഒരു വടവൃക്ഷം
കാട്ടാറിനെ താരാട്ടി
ഉറക്കുന്നവള്‍
മരതക കാട്ടിലെ
മുത്തശ്ശിയാണവര്‍


തണല്‍
തേടിയവരത്തി
ഉറക്കം നടിച്ചവര്‍
തായ്‌ ഞരമ്പുകള്‍
കൊത്തിപ്പറിച്ച്
പട്ടട വിറകിനായ്‌
മാറ്റി വെച്ചു


ഉടയാളര്‍
ഭരണ കൂടത്തിന്‍
രഥ ചക്രങ്ങള്‍
സിംഹാസനത്തിന്‍
ചുവടു ഉറപ്പിക്കാന്‍
കഴുകു മരങ്ങള്‍
അടിമ തൊഴുത്തുകള്‍
വിഷാഗ്നി മയങ്ങും
ആയുധ പുരകള്‍
അധികാര ചിഹ്നത്തില്‍
തായ്‌ മുറിയാദ്യം
മുറിച്ചു മാറ്റി


അവകാശ ചാര്‍ത്തില്‍
അരമനകള്‍
അന്തപുരങ്ങള്‍
ചിത്രമണി തൊട്ടില്‍
അരയന്ന പല്ലക്ക്
സ്വര്‍ണം പൊതിഞ്ഞ
ശവപ്പെട്ടി കൂടുകള്‍
ആട്യത്ത സംസ്ക്കാര
സ്തൂപങ്ങള്‍ പണിയാന്‍
മേല്‍മുറി പരമ്പരകള്‍
ഈര്‍ന്നു മാറ്റി


കുരിശുകള്‍ മിനാരങ്ങള്‍
യാഗാഗ്നി കുണ്ടങ്ങള്‍
പുരോഹിത പീoങ്ങള്‍
വിശ്വാസ ബിംബങ്ങള്‍
കോലളവില്‍ ശിഖരങ്ങള്‍
ഓരോന്നായ്‌ വീണ്ടും
മുറിച്ചെണ്ണി മാറ്റി


കോടാലി നാക്കില്‍
കാടിന്റെ ചോര
മഴുവിന്റെ കൈകള്‍
തളരാതിരിക്കാന്‍
തലമുറകള്‍ പണ്ടേ
ഒടിയാത്ത കാതല്‍
ഉഴിഞ്ഞു വെച്ചു.


ചില്ലകള്‍ അരിയുമ്പോള്‍
ചിറകറ്റ പക്ഷികള്‍
മരുപ്പച്ച തേടി
ചക്രവാളത്തില്‍
മുടന്തി പറക്കുന്നു
ഭൂമിയുടെ മുലപ്പാല്‍
വറ്റിച്ചെടുത്താല്‍
ഹരിതക നാമ്പിന്റെ
ചുടല പറമ്പ് ...


മരം നാട്ടാലൊരു
മഴത്തുള്ളി വാങ്ങാം
മഴ പെറ്റാലൊരു
അരുവി പിറക്കും
പുഴയുടെ ചുറ്റും
മഴക്കാട് പൂക്കും
മരുതരുവിലൊരു
ബുദ്ധനെ കിട്ടും


മരം മുറിച്ചാല്‍
പുഴ യുണങ്ങും
പുഴ മരിച്ചാല്‍
മരുഭൂമിയാകും
ദാഹത്തിന്‍ നുര
തേറ്റയെടുത്ത്
ഒട്ടക മനുഷ്യനായ്‌
പരിണമിക്കാം ....
---------------------------sHAMs

അഭിപ്രായങ്ങളൊന്നുമില്ല: