2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

ചില അപ്രശസ്തമായ കാര്യങ്ങള്‍



ഒരാള്‍ കുരിശും പേറി
മുറ്റത്തെത്തി
പള്ളിയുടെ
മുകളിലേക്കാ ണ ന്കില്‍
നീളവും വീതിയും പോര .
അരമനയിലേക്കെങ്കില്‍
തങ്കത്തില്‍ വേണം .
പുരോഹിതന്‍
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി ...
ഇത് ആരും എടുക്കില്ല .
പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.
--------------------------shams

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഞാന്‍ പൌരന്‍

--------------
ഇടയര്‍ അരുമയോടെ
കുഞ്ഞാടുകള്‍ എന്ന് വിളിക്കുമ്പോള്‍
രോമ മുണര്‍ന്നു വണ്ടി ക്കാളകള്‍
വോട്ടു കാള കളായി
രൂപാന്തര പ്പെടുന്ന നാട്ടില്‍
പശുവിനെയും കിടാവിനെയും നോക്കി
ജനാധി പത്യം പഠിച്ച്
രണ്ട് കാലില്‍ നടക്കുന്ന
ആലയില്‍ ഉറങ്ങാത്ത ഒരു ജീവി
----------------------------ഷംസ്

പ്രണയ വിവാഹം


------------------
നീ പിരിഞ്ഞു പോകുമ്പോള്‍
എന്റെ ഹൃദയം പൊട്ടിത്തെറിക്കും
അതിലെ ഓരോ തന്‍ മാത്രയും
നിന്നെ പ്രണയിച്ചു മരിക്കും .
നീ പിരിയാതിരുന്നാല്‍
കുറേ നുണകള്‍ പരസ്പരംകോര്‍ത്ത്‌
നാം സൂക്ഷിച്ച താലി ച്ച രടില്‍
മുറുകി പ്രണയം മരിയ്ക്കും.
അവസാനംതെമ്മാടി ക്കുഴിയി ലേക്ക് നോക്കി ഉറങ്ങാന്‍
കല്ലറയില്‍ നമ്മുടെ പേര് ചേര്‍ത്തു കൊത്തും .
-------------------------ഷംസ്

ഷാജഹാന്‍

---------------
ഞാന്‍ നിന്നെപ്രണയി ക്കുമ്പോള്‍
നീയെന്റെ തടവുകാരിയാണ്
ഓര്‍മ്മകളെ പൂട്ടിയിടാന്‍
താജ് മഹല്‍ പണിത്
ഞാനത് തെളിയിച്ചു

നീ എന്നെ പ്രണയിക്കുമ്പോള്‍
നീ സ്വതന്ത്രയാണ്
ഗോപികാ സ്വപ്‌നങ്ങള്‍
കാതില്‍ ഇരമ്പുമ്പോള്‍
ഓടക്കുഴല്‍ ഊതാതെ
യമുനാ തീരത്ത്
കൂടാരംഞാന്‍ തുറന്നു പിടിച്ചു

പ്രണയത്തിനു അടിമയുടെ നിറമാണ്
വെണ്ണ കല്ലില്‍ വിശന്നുറ്റിയ
വിയര്‍പ്പു കറ നോക്കി
വാള്‍ തല മിന്നിയപ്പോള്‍
പ്രാണന്‍ കാറ്റില്‍ തുപ്പിയ
ഇണയുടെ പിടച്ചിലില്‍
അടിമ പ്പെണ്ണിന്‍റെ രോദനം

അവതാരങ്ങള്‍ ഭരിക്കുന്ന
ആദിമ ഭാരത വീഥിയില്‍
ഓളങ്ങള്‍ ചുവപ്പിച്ചതും
അദ്ധ്വാനങ്ങള്‍ കവര്‍ന്നതും
കുടീരത്തിലെ ആത്മാക്കള്‍ക്ക്
പ്രണയത്തിന്റെ നിറം പൂശാനല്ല

കാലമെന്നെങ്കിലും ഭൂപടം തേച്ചു മിനുക്കി
വംശ ചിഹ്നങ്ങള്‍ കവര്‍ന്നാല്‍
നിങ്ങളുടെ തലമുറകള്‍
ഒരു ദിവ്യ മിനാരമായ്
പ്രണയത്തിനു മുയരത്തില്‍
ഞങ്ങളെ ഹൃദയത്തില്‍ പച്ച കുത്താനാണ്‌ .
----------------------- ഷംസ്

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച


സ്വാതന്ത്ര ദിന ചിന്തകള്‍
--------------------
വിശക്കുമ്പോള്‍
മഴയില്‍ മുളച്ച കിണറ്റിലെ മധുരം
ഭിക്ഷ ചോദിച്ചവളെത്തും ...

പകല്‍ മഴയില്‍ നനഞ്ഞു ഒട്ടിയ
ചരടറ്റ പാവാട
അവളുടെ ഇടത്ത് കൈ വിരലുകള്‍
താങ്ങി നിര്‍ത്തും

അവളുടെ വലതു കൈ
പിച്ച പാത്രത്തിലെ മൂവര്‍ണ്ണ പതാക
നനയാതെ നോക്കും

അടുപ്പില്‍ തിളക്ക്യുന്ന പായസ ചെമ്പിന് മുന്നില്‍
വരിയ്ക്കു നിര്‍ത്തി
മാറില്‍ കൊടി കുത്തി കൊടുക്കുമ്പോള്‍
തിരിയിടുന്ന അവളുടെമുല ക്കണ്ണ്ണ് തടവി രസിച്ച്
ഉച്ചത്തില്‍ വിളിപ്പിക്കണം
മേരാ ഭാരത്‌ മഹാന്‍ ഹേ ....
-----------------------------ഷംസ്

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ഒട്ടക മനുഷ്യന്‍

പുഴയുടെ
വാതിലില്‍
ഒരു വടവൃക്ഷം
കാട്ടാറിനെ താരാട്ടി
ഉറക്കുന്നവള്‍
മരതക കാട്ടിലെ
മുത്തശ്ശിയാണവര്‍


തണല്‍
തേടിയവരത്തി
ഉറക്കം നടിച്ചവര്‍
തായ്‌ ഞരമ്പുകള്‍
കൊത്തിപ്പറിച്ച്
പട്ടട വിറകിനായ്‌
മാറ്റി വെച്ചു


ഉടയാളര്‍
ഭരണ കൂടത്തിന്‍
രഥ ചക്രങ്ങള്‍
സിംഹാസനത്തിന്‍
ചുവടു ഉറപ്പിക്കാന്‍
കഴുകു മരങ്ങള്‍
അടിമ തൊഴുത്തുകള്‍
വിഷാഗ്നി മയങ്ങും
ആയുധ പുരകള്‍
അധികാര ചിഹ്നത്തില്‍
തായ്‌ മുറിയാദ്യം
മുറിച്ചു മാറ്റി


അവകാശ ചാര്‍ത്തില്‍
അരമനകള്‍
അന്തപുരങ്ങള്‍
ചിത്രമണി തൊട്ടില്‍
അരയന്ന പല്ലക്ക്
സ്വര്‍ണം പൊതിഞ്ഞ
ശവപ്പെട്ടി കൂടുകള്‍
ആട്യത്ത സംസ്ക്കാര
സ്തൂപങ്ങള്‍ പണിയാന്‍
മേല്‍മുറി പരമ്പരകള്‍
ഈര്‍ന്നു മാറ്റി


കുരിശുകള്‍ മിനാരങ്ങള്‍
യാഗാഗ്നി കുണ്ടങ്ങള്‍
പുരോഹിത പീoങ്ങള്‍
വിശ്വാസ ബിംബങ്ങള്‍
കോലളവില്‍ ശിഖരങ്ങള്‍
ഓരോന്നായ്‌ വീണ്ടും
മുറിച്ചെണ്ണി മാറ്റി


കോടാലി നാക്കില്‍
കാടിന്റെ ചോര
മഴുവിന്റെ കൈകള്‍
തളരാതിരിക്കാന്‍
തലമുറകള്‍ പണ്ടേ
ഒടിയാത്ത കാതല്‍
ഉഴിഞ്ഞു വെച്ചു.


ചില്ലകള്‍ അരിയുമ്പോള്‍
ചിറകറ്റ പക്ഷികള്‍
മരുപ്പച്ച തേടി
ചക്രവാളത്തില്‍
മുടന്തി പറക്കുന്നു
ഭൂമിയുടെ മുലപ്പാല്‍
വറ്റിച്ചെടുത്താല്‍
ഹരിതക നാമ്പിന്റെ
ചുടല പറമ്പ് ...


മരം നാട്ടാലൊരു
മഴത്തുള്ളി വാങ്ങാം
മഴ പെറ്റാലൊരു
അരുവി പിറക്കും
പുഴയുടെ ചുറ്റും
മഴക്കാട് പൂക്കും
മരുതരുവിലൊരു
ബുദ്ധനെ കിട്ടും


മരം മുറിച്ചാല്‍
പുഴ യുണങ്ങും
പുഴ മരിച്ചാല്‍
മരുഭൂമിയാകും
ദാഹത്തിന്‍ നുര
തേറ്റയെടുത്ത്
ഒട്ടക മനുഷ്യനായ്‌
പരിണമിക്കാം ....
---------------------------sHAMs

മതഭ്രാന്തരും മനുഷ്യരും

--------------------------
നിങ്ങള്‍ തിരസ്ക്കരിക്കപ്പെട്ടവര്‍
സ്വര്‍ഗ്ഗ വാടിയിലെ
ആപ്പിള്‍ മരത്തില്‍ പൂത്ത
പാപത്തിന്റെ സന്തതി കളെന്നു
സ്വയം ഉരിവിട്ടു പഠിച്ചവര്‍ .


പാപങ്ങള്‍ ചെകുത്താന്റെ
സൂത്രങ്ങളെന്ന് കണ്ടത്തി
ദൈവത്തെ ആവാഹിച്ചെടുക്കാന്‍
മാന്ത്രിക മരുന്ന് തേടുന്നവര്‍ .


അധികാരത്തിന്‍ അമൃത് കൊതിച്ച്
വംശീയതയുടെ പുലി മടയില്‍
ഇടയനെ വിറ്റ ആട്ടിന്‍ പറ്റം.


ചേരി തിരിഞ്ഞ് വര്‍ഗങ്ങള്‍
തലകള്‍ ഉടഞ്ഞു ചരിയുമ്പോള്‍
സ്വാതന്ത്രത്തിന്‍ നാക്ക് നുണഞ്ഞ്
ചുടു ചോര കുടിക്കുന്നവര്‍ .


സ്വര്‍ഗ്ഗ പ്രവേശനത്തിന്
അയല്‍ക്കാരനെ ബലിയര്‍പ്പിച്ചവര്‍
പാപം കഴുകിയ കാണിക്കയായ്
തല കാവല്‍ക്കാരന് കൊടുക്കുന്നവര്‍ .


ഞങ്ങള്‍ മണ്ണില്‍ പിറന്നു
മണ്ണിലൊടുങ്ങുന്നവര്‍ ...


വിയര്‍ത്ത മണ്ണിനെ പെണ്ണാക്കി
ചുറ്റും പരമ്പരകളെ സൃഷ്ടിച്ചവര്‍
ഭൂമിയെ സ്വര്‍ഗ്ഗത്തേക്കാള്‍ ഉയര്‍ത്തി
ആത്മാവിനെ പുറം തള്ളിയവര്‍


മന്ത്രങ്ങളും സോത്രങ്ങളും
വിശപ്പില്‍ ദഹിക്കാന്‍ മറന്നവര്‍
വഴികാട്ടി നക്ഷത്രങ്ങളും
തിരുപ്പിറവികളും മുന്നില്‍
നയിക്കാനില്ലാത്തവര്‍...


നിങ്ങളും ഞങ്ങളും നാളെ
നമ്മള്‍ അല്ലന്നു പറയുമ്പോള്‍
ഞങ്ങളൊരു കുരിശ് പണിയും
പ്രവാചകന്‍മാരെ ഓര്‍ക്കാനല്ല
മാലാഖമാരുടെ ചിറകരിയാന്‍
നിങ്ങള്‍ വളര്‍ത്തിയെടുത്ത
ചെകുത്താന്‍മാരെ തളയ്ക്കാന്‍...
-----------------------------------------ഷം
സ്