2009, ജനുവരി 6, ചൊവ്വാഴ്ച

... നിശബ്ദത


ഒരു മെതിയടി
പ്പകയുടെ ഭീകരതയില്‍
ബലിയാടുകളുടെ
വംശഹത്യകള്‍

പരാജയപ്പെട്ട ഇടയന്‍റെ
പാതയിലെ ശൂന്യത
ശൂന്യതയുടെ നിശ്ശബ്ദത
നിശബ്ദതയുടെ അസ്വസ്ഥത
അസ്വസ്ഥതയുടെ വെപ്രാളം
വെപ്രാളത്തിലെ ക്രോധം
ക്രോധത്തിന്റെ യുദ്ധം

മഞ്ഞില്‍ ലില്ലി പൂക്കള്‍
ഇതള്‍ അടര്‍ന്ന്
പൊള്ളിക്കുന്ന കണ്ണീര്‍
പുണ്യ ഭൂമിയിലെ
തടാകങ്ങള്‍ ഉരുക്കുന്നു

ബലി മൃഗങ്ങളുടെ
വിയര്‍പ്പും ചോരയും
കലര്‍ന്ന മുറിവുകളില്‍
ആത്മ വീര്യത്തില്‍
പുത്തന്‍ നാമ്പുകള്‍
കത്തി മുളയ്ക്കുന്നു

ഇപ്പോഴത്തെ എന്‍റെയും
നിന്റെയും നിശബ്ദത
യുദ്ധത്തെക്കാള്‍
ഭയാനകമാണ്
------------------
യുദ്ധ കൊതിയുടെ ബലിയാടുകള്‍.
രാജ്യ മില്ലാത്ത വരോടുള്ള യുദ്ധം .
.മനുഷ്യനും മനുഷ്യത്വത്തിനും എതിരെ ഉള്ളതാണ് .
ഗാസ തികച്ചും ഒരു കണ്ണീര്‍ കാഴ്ച ആകാന്‍ പോകുന്നു.
ആത്മ ധൈര്യവും ജീവനും മാത്രം അവേശേഷിക്കുന്ന
പലസ്തീന്‍ ജനതയ്ക്ക് നമുക്ക്
ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാം.

2009, ജനുവരി 5, തിങ്കളാഴ്‌ച

ദേവദാസി


വിശപ്പിനകത്ത്
ഒരു പെണ്‍പൂ വിരിഞ്ഞു
ഒന്നാമത് കാതുകുത്ത് കല്യാണം
രണ്ടാമത് തിരണ്ടു കല്യാണം
മൂന്നാമത് സ്ത്രീധന കല്യാണം
ഒരു നീണ്ട പട്ടികയുടെ
വിറങ്ങലിച്ച ജനനം .

അഷ്ടമി രോഹിണിയില്‍
ഒരു നേര്‍ച്ച കോഴിയായ്
ഉഴിഞ്ഞു വെക്കപ്പെട്ടവള്‍
ദേവെന്റെയ് ച്ചായാചിത്രം
ആത്മാവിലൊരു
ഒരു വൃതത്തിലുറപ്പിച്ചു .

ഓടക്കുയല്‍ ഊതിയ
മയില്‍ പീലി മോഹങ്ങള്‍
ചുവരിനും മനസ്സിനും ഇടയില്‍
ചന്ദന പുകയൊരു വൃന്ദാവനം
നിലാവില്‍ ദേവനൊരു മനുഷ്യ രൂപം
നീണ്ട ലീലാ വിലാസങ്ങള്‍

ആത്മാവിലൊരു പുതുവെളിച്ചം
പിന്നെ പഴമയുടെ തിമിരം
ഭ്രാന്തിന്‍റെ പുലമ്പലുമായ്
ദേവന്റെ മനുഷ്യവതാരങ്ങള്‍
മുമ്പേ പോയവരുടെ
തനിയാവര്‍ത്തനങ്ങള്‍

താഴെ കുത്തിയൊലിക്കുന്ന പുഴ
നെറ്റിയിലോരന്ത്യ ചുംബനം
രോദനം നേര്‍ത്തൊരു ഞെരുക്കം
ഒരു ചാപിള്ള കൂടി
ആഴ്ന്നു പോകുന്നു.

മുറിവുണങ്ങാത്ത ഗര്‍ഭ പാത്രം
അമര്‍ത്തി പതം നോക്കുമ്പോള്‍
മാറില്‍ ഉറപൊട്ടിയ
മാതൃത്വം കറന്നൊഴിച്ച
പൊള്ളുന്ന ശേഷിപ്പുകള്‍

ചോര ഒട്ടിപിടിച്ച വിരലുകള്‍
ആചരണം തീര്‍ത്ത പഴമയുടെ
അഗ്നിയൂതുമ്പോള്‍
യമുന യുടെയ് കരയിലൊരു
ചുവന്ന തെരുവ്
അവളെയും കാത്തിരുന്നു
..