2009, മേയ് 16, ശനിയാഴ്‌ച

നിഴല്‍

ഗര്‍ഭ സഞ്ചിയില്‍
ഇരുട്ടില്‍ കിട്ടിയ അനക്കം
പുലരിയില്‍ ഉണര്‍ന്ന്
പകലിനോടൊപ്പം വളര്‍ന്നു

അഹങ്കാരത്തിന്റെ നട്ടുച്ച
മധ്യായനതിന്റെ ആലസ്യം
വൈകുന്നേരം
ചക്രശ്വാസം വലിച്ച്
സന്ധ്യയില്‍ ചേക്കേറി

തനിയാവര്‍ത്ത നങ്ങളില്‍
ജന്മാന്തരങ്ങളുടെ
വഴിപ്പൊത്തില്‍
കണയൊടിഞ്ഞ ആയുസ്സ്‌
ലാടം തേഞ്ഞ കാലനെ
ചൂണ്ടലിട്ടിരുന്നു

മാലിന്യങ്ങള്‍ പതിഞ്ഞ
മെതിയടി ചിതലരിച്ച്
ഓര്‍മകളുടെ ആണിയിളകി
ജന്മം തെക്കോട്ട്‌
തല വെച്ചുറങ്ങി

അനാഥമായി
പാതി കത്തിയ ചിത
ആരൊ ഉഴുതു മറിച്ചപ്പോള്‍
തലയോട്ടി പൊട്ടി
ചിറകു കരിഞ്ഞ നിഴല്‍
കാറ്റിലേക്ക് പറന്നു...

വഴിവക്കിലെ
മഹാ മൌന
ശിഖരത്തിലെത്തുന്ന
യാത്രക്കാരെ
ചുണ്ണാമ്പ് ചോദിച്ച്

പേടിപ്പിക്കുന്നു
------------------------ഷംസ്.