2008, നവംബർ 26, ബുധനാഴ്‌ച

സ്വപ്നംരാവെളിച്ചം വറ്റി വരണ്ടു
ഉണങ്ങി കറുത്തിരുണ്ടു‌
ഉമിത്തീ പോലെ സ്വപ്‌നങ്ങള്‍
മനസ്സിനെ നായാടുന്നു .

പ്രണയം പനിച്ചു വിറച്ച്
മനസ്സിന്റെ കോലായില്‍
ഉറങ്ങാതെ അവളുടെ
വരവും കാത്തിരിക്കുന്നു

ഉത്തരത്തിലൊരു കയര്‍
ഊരാങ്കുടുക്കില്‍ തൂങ്ങിയാടി
വടക്കേ മുറ്റത്ത്‌ മരണം
പതുങ്ങി വന്ന് ഇരയുടെ
മണം പിടിക്കുന്നു.

വിഭ്രമച്ചുഴിയുടെ ആഴത്തിലേക്ക്
ശരീരം ആഞ്ഞു പതിക്കുമ്പോള്‍
കാലിനടിയിലെ തണുപ്പ്
തൊണ്ടയുടെ വായ തുറന്നു
നിശബ്ദമായ് ആര്‍ത്തു കൂവി....

അപരിചിതയുമായുള്ള ശയനത്തില്‍
വലിഞ്ഞു മുറുകിയ
ഞരമ്പിന്‍ കൂട്ടില്‍ നിന്നും
പഞ്ഞി കെട്ടു പോലെ
കാമം ഒലിച്ചിറങ്ങിപോയി.

കാലന്‍ കോഴിയെ ഓടിച്ച്
കുറുക്കന്‍ ഓരിയിടുന്നു,
കറുത്ത കമ്പളത്തിനുള്ളിലെ പകല്‍
ഉറക്കച്ചൂടില്‍ പുലരിയെ നോക്കി
കണ്ണു തിരുമ്മി ഉണര്‍ന്നു .

ഉണര്‍വിന്റെ ആലസ്യത്തില്‍
ഭാര്യ തന്ന ചായ കുടിച്ചു
വിപ്ലവം തലക്ക്യ് വെച്ച്
പാകത്തില്‍ ചുരുണ്ടു കൂടി
വീണ്ടും സ്വപ്നാടനത്തിനിറങ്ങി ...

2008, നവംബർ 24, തിങ്കളാഴ്‌ച

...യാത്ര


സ്വപ്നാടനങ്ങള്‍ ഉറങ്ങിയ
ഏകാന്തതയിലൂടെ നിശബ്ദമായി
നീണ്ടു പോകുന്ന ഇരുട്ട്....


മരണത്തിറെയ് തണുപ്പില്‍
യാത്ര തുടരുക യാണ് .....
ദൂരെ തടാകം നിറയെ
നിലാവ് പോലെ പ്രണയം


കണ്ണില്‍ അവളുടെ
മുഖത്തിന്റെയ് വെളിച്ചം
കാതില്‍ അവളുടെ
വാക്കുകളുടെ മധുരം
കവിളില്‍ വീണ അവളുടെ
മിഴികളിലെ പൊള്ളല്‍
അന്ത്യ ചുംബനത്തിനു
അവളുടെ മനസ്സിലെ ചൂട്

വെള്ളയില്‍ പൊതിയുമ്പോള്‍
കയ്യില്‍ ആരു മറിയാതെ
നല്‍കിയ ഒരു മുടിഴിഴ

തടാകക്കരയില്‍
ഒരു മാലാഖയായ്
അവളുടെയ് ആത്മാവ്
എന്നെയും കാത്തിരിക്കുന്നു.

നിറം നഷ്ടപ്പെടുന്നവര്‍

 

ഒരു ചെമ്പനീര്‍ പൂവിന്
പണയമായ് നീ ചോദിച്ചത്
എന്‍റെ ഹൃദയത്തിലെ ചുവപ്പാണ് .


ബീഡിക്കറ പുരണ്ട
പ്രക്ഷുബ്ത യൌവനം
ഗ്ലിസറിന്‍ പുരട്ടി
നീ ആദ്യം കവര്‍ന്നത്
കാമ്പസില്‍ നിന്നാണ്.


ചിന്തകള്‍ ചുട്ടു പഴുത്തിരുന്ന
സന്ധ്യകളിലെ പീടിക തിണ്ണകള്‍ ,

നാലും കൂടിയ മുക്കുകളില്‍
വേരുകള്‍ ‍പടര്‍ന്ന അറിവിന്‍റെ
ആല്‍മര ചോലകള്‍ ...


പുസ്തക പുഴുക്കള്‍ നിറഞ്ഞ
വായന ശാലകളിലെ
മുറി കയ്യെന്‍ കസേരകള്‍ ....

യൌവനത്തിലെ പാതിരാ തുരുത്തുകള്‍ ..


കണ്ണിലെ കനലുകള്‍
വാക്കുകളിലെ മൂര്‍ച്ച
തൊണ്ടയിലെ മുഴക്കം
അസ്തിത്വത്തിന്റെ
നീണ്ട ജാഥ കളില്‍ നിന്ന്

എന്നിലെ ചുവപ്പ്
എനിക്ക് തിരച്ചു തരൂ....
നിറമില്ലാത്ത പ്രണയം
ഞാന്‍ നിനക്ക് തിരിച്ചു തരാം
എന്‍റെ നിറംകെട്ട് പോകും മുമ്പ് .