2009, മേയ് 8, വെള്ളിയാഴ്‌ച

പാദ മുദ്രകള്‍

ചാട്ട വാറിന്റെ
അലര്‍ച്ചകള്‍
ചുര മിറങ്ങാത്ത
കൊല്ലികളില്‍
ചെകുത്താന്‍ കാറ്റായി
വീശിയടിച്ചു

താഴ്വാരങ്ങളില്‍
വസൂരിപ്പനിയില്‍
പട്ടിണി
വെളിച്ചപ്പാട് തുള്ളി

എണ്ണകറപ്പുകള്‍
പാടവരമ്പില്‍
ചളി പുരണ്ട രേതസ്സുമായ്
ചുട്ട കണ്ണീരില്‍ പാട്ടമളന്നു

കോളറ പിടിച്ച വിശപ്പ്‌
കല്ലച്ച് കൂടങ്ങളില്‍
കടലാസിനു തീപിടിച്ചു

ധാന്യ പുരകളിലെ
അടച്ചിട്ട നിലവറകളില്‍
ദുര്‍ മേദസ്സുകള്‍ ഉരുകി
കരിന്തിരി കത്തി

രൌദ്ര ഭാവം പൂണ്ട
ആഹ്വാന തരംഗങ്ങള്‍
ചിന്താ കൂപങ്ങളില്‍
തുടിതാള നൃത്തം ചവിട്ടി

കൊടിയും ജാഥയുമായ്‌
കടലെടുത്ത മനസ്സുകളുടെ
പാത കളിലെവിടെയും
പാദമറ്റു പോകാത്തവര്‍ ,
പ്രകൃതിയോട് മല്ലിട്ടവര്‍
പത്തായ പുരയോട്
പട വെട്ടിയപ്പോയാണ്
കബനീ നദി ആദ്യം ചുവന്നത്
.---------------------------------ഷംസ്

2009, മേയ് 3, ഞായറാഴ്‌ച

കാഴ്ച

മുന്നിലൂടെ
ഒരു ജീവിതം
നടന്നു പോകുന്നത്
കാണുന്നില്ലേ ..?
നീ ചോദിച്ചു

കാഴ്ചകള്‍ കാണാന്‍
കണ്ണട വേണം
കണ്ണടയങ്ങനെ പറഞ്ഞു

കണ്ണടയില്ലാതെ
എനിയ്ക്കു കാണാം
കണ്ണിങ്ങനെ പറഞ്ഞു

കണ്ണടയും കണ്ണുമില്ലാതെ
എനിയ്ക്ക് കാണാം
ഞാനും പറഞ്ഞു

കണ്ണടയും കണ്ണും ഞാനും
ഇപ്പോള്‍
കാഴ്ച തപ്പി നടക്കുന്നു
നിന്നെ കാണാന്‍ .....
-------------------------sHaMs