2010, ജൂൺ 15, ചൊവ്വാഴ്ച

ഭോപ്പാല്‍

ഭോപ്പാല്‍
---------------------
വിഷക്കാറ്റില്‍
കരളുണങ്ങി
കാഴ്ച മങ്ങിയ
ഓര്‍മ്മ വീണ്ടും
കിതച്ചു തുപ്പുന്നു.
കണ്ണ് പൊള്ളുന്നു,
കരയാനും നേരമില്ല
ജീവന്‍റെ
കയറ് പൊട്ടുന്നു.
നഗരം ചങ്ക് പൊട്ടി
മലര്‍ന്ന് വീഴുമ്പോള്‍
അമ്ല മഴയില്‍
രോമ കൂപം വിണ്ടു കീറി
ഞങ്ങള്‍ 
പുഴു വെടുക്കുന്നു.
നിങ്ങള്‍ വളര്‍ത്തിയ 
കറുത്ത പൂച്ചകള്‍ 
പെറ്റു പെരുകുന്നു.
കെണിയൊരുക്കി
നേര്‍ക്ക്‌ ചാടുന്നു.
വിഷം ചീറ്റിയ
കറുത്ത പൂച്ചയെ
തടവു ചാടിച്ച്
ഇന്നും കണ്ണടച്ച് 
നിങ്ങള്‍ 
പാല്‍ നുണയുന്നു.
നിങ്ങള്‍ 
വഴിയൊരുക്കുന്നു,
കടല് ചാടിയെത്തും  
കറുത്ത പൂച്ചകള്‍
പണി തുയര്‍ത്തുന്നു.
ക്ഷയം പിടിച്ച്‌
ചോര തുപ്പി 
മാനം 
കരി പിടിക്കുന്നു. 
പുതിയ പൂച്ചകള്‍ 
മണ്ണ് മാന്തി ,
മണല്  കോരി
ജലത്തിന്‍
വേരറുക്കുന്നു,
വര്‍ണ്ണ ക്കുപ്പി 
നിറയുന്നു.
തൊണ്ട വരളുമ്പോള്‍ 
ഞങ്ങള്‍ 
കൊടി പിടിക്കുന്നു,
ദാരിദ്ര്യ   കൈ മലര്‍ത്തി
വരുമാന കണക്കു ചൂണ്ടി
നിങ്ങള്‍
ചീറിയെത്തുന്നു.
ഞങ്ങടെ ദാഹം
തലയാട്ടി
തളര്‍ന്നു വീഴുന്നു.
നിങ്ങള്‍ പോറ്റിയ
കറുത്ത പൂച്ചകള്‍
 കുറുകെ ചാടുമ്പോള്‍
നീതി പീഠം
കണ്ണ് കെട്ടിയ
നിയമത്തിന്‍
ചേല കീറുന്നു. 
ഞങ്ങടെ
ശബ്ദ മുയര്‍ന്നാല്‍
കണ്ണ് പൊട്ടിയ
നിയമങ്ങള്‍
തുറിച്ചു നോക്കുന്നു.
--------------------------------ഷംസ്