2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

രാഖി വര്‍ഗ്ഗീയ വല്ക്കരിക്കപ്പെടുമ്പോള്‍.


**********************************************
രാഖി ഒരു ആശയ വിനിമയമാണ്‌..ഭാഷയുടെ മറ്റൊരു  രൂപം.കൈകൊട്ടലും ,ചൂളമടിയും  കണ്‍ മുനയേറ് മൊന്നും. ഒരു അടയാള ഭാഷയായി അന്ഗീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അത്തരക്കാരില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടിയാകണം.ഇന്നത്തെ യുവത രാഖി കെട്ടുന്നത്. എന്ന് നമുക്ക് കൌതുക പൂര്‍വ്വം പറയാം.അല്ലെങ്കില്‍ ഭാഷാപരമായി വിലയിരുത്താം .ഇവിടെ നാം വളരെ ശ്രദ്ധിക്കേണ്ടത്  രാഖി ഒരു  അടയാളമാണ് എന്ന വസ്തുതയാണ്.അടയാള ങ്ങളിലൂടെ ആശയ വിനിമയം നടത്തുക എന്ന രീതി. ചുവന്ന കൊടി കാണുമ്പോള്‍ അപകടമാണെന്നും നാം മനസ്സിലാക്കുന്നത് പോലെ.ഒരു പച്ചക്കൊടി കാണുമ്പോള്‍ ഡ്രൈവര്‍ നിര്‍ത്താതെ ട്രെയിന്‍ ഓടിക്കുന്നത് ഇതിന്റെ മറ്റൊരു രൂപമാണ്.

രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭമായി...ഇവിടെ ഭാര്യ ഭര്‍ത്താവിന്റെ കയ്യില്‍ കെട്ടി കൊടുത്തത് ആണ് രാഖി .എന്നത് വളരെ ശ്രദ്ധിക്കുക.

 
സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി.പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമായാണ്  ഇത് ഇന്നും കണക്കാക്കുന്നത്.ഇവിടെ കാമുകനെ രക്ഷിക്കാന്‍ കാമുകിയാണ് ചെയ്യുന്നത്.

മുകളില്‍ സൂചിപ്പിച്ച ഈ രണ്ടു അവസരങ്ങളും   യുദ്ധവുമായി ബന്ധപ്പെട്ടതാണ്.

ഇതിനിടയില്‍ ഇത് എവിടെ വെച്ചാണ് സഹോദരി സഹോദര ബന്ധം എന്ന നിലയിലേക്ക് രാഖി മാറ്റി മറിക്കപ്പെടുന്നത്.
കുത്താന്‍ ഓങ്ങി യവനോട്  
അരുതെന്ന പറയുന്ന കയ്യില്‍ ഒരു രാഖി കാണുമ്പോള്‍ അത് ഒരു ഹിന്ദു വാണ്‌ എന്ന് തിരിച്ചറിയുന്നു.അങ്ങിനെ അത് ഒരു അടയാള വാക്കാകുന്നു.അയാള്‍ ശൂലം  താഴ്ത്തി തിരിച്ചു അടുത്ത ആളിലേക്ക് നീങ്ങുന്നു.തൊപ്പി അണിഞ്ഞവന്‍ വാളു വീശുമ്പോള്‍ കയ്യില്‍ രാഖിയില്ലെങ്കില്‍ സ്വ മതസ്ഥന്‍ എന്ന് കണക്കാക്കുകയും രാഖി കെട്ടിയവനെ തിരഞ്ഞു പോകുന്നു.ഈ  വിധം ഒരു പൊതു വര്‍ഗീയമായ അടയാളമായി രാഖി മാറി കൊണ്ടിരിക്കുന്നത് വളരെ നിസ്സാരമായ ഒരു കാര്യമാണ് എന്ന് തോനുന്നില്ല.ശ്രീമതി.ഇന്ദിരാ ഗാന്ധിയുടെ മരണാനന്തരം ഡല്‍ഹിയില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടാന്‍ ഇടയായത് അവരെ മത ചിഹ്നങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ്.ബോംബെ കലാപങ്ങളില്‍ ആയുധങ്ങളേക്കാള്‍ ഏറെ ഉപയോഗിച്ചിരുന്നത് അടയാള ചിഹ്ന്നങ്ങളും അടയാള വാക്കുകളുമായിരുന്നു.ആചാരങ്ങളും ആഘോഷങ്ങളും ജന സമൂഹത്തിനു സന്തോഷം  പകരുമ്പോള്‍ തന്നെ   കലാപങ്ങളില്‍ പരസ്പരം ഉപയോഗിക്കാനുള്ള ഒരു തിരിച്ചറിയല്‍ അടയാള വാക്കായി, അല്ലെങ്കില്‍ മത ചിഹ്നങ്ങള്‍ മാത്രമായി   മതവര്‍ഗീയ മൌലിക വാദികള്‍ അത് ഉപയോഗിക്കാതെ തടയേണ്ടതാണ്  മുഖ്യമാണ് എന്ന് സ്വതന്ത്ര ദിനത്തിന്‍റെ തലേ നാളില്‍
ഓര്‍മ്മിപ്പിക്ക പെടെണ്ടത് ആണ്.വ്യാഴ വട്ടങ്ങള്‍ പലതു കഴിഞ്ഞിട്ടും,പുതു തലമുറകള്‍ വന്നിട്ടും  ഒരു വിഭജന ത്തിന്റെ ഉണങ്ങാത്ത മുറിവ് ഭാ രാതാംബയുടെ നെഞ്ചിലിന്നു മുണ്ട്.അതൊരു സത്യം തന്നെയാണ്. ആ ഒരു മുറിവ് ഇല്ലായിരുന്നെങ്കില്‍ ലോകത്തിനു തന്നെ  സമാധാനത്തിന്റെ ഒരു തിലക ക്കുറി യാകു മായിരുന്നു  എന്റെ അമ്മ....വന്ദേ മാതരം.

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

കുറ്റിപെന്‍സില്‍

--------------------------------------------------------------

ഒരു നാള്‍ മരിച്ചവരെല്ലാം


നിന്‍റെ നഗരത്തില്‍
ഉയര്‍ത്തെഴുനേല്‍ക്കപ്പെടും .



നിന്‍റെ കാതുകളില്‍
യന്ത്ര ചിറകുകള്‍ മുരളും.



നെഞ്ചില്‍
വെടിയൊച്ചകള്‍ പിടയും .

മുറിവേറ്റവരെ ബാക്കി വെച്ച്
സൈറണുകള്‍ പാഞ്ഞു പോകും .



അന്ന് നിന്നെ പോലെ
ആരുമുണ്ടാവില്ല .



അവര്‍ നിന്‍റെ പിറകില്‍


വരികളായ് അണി നിരക്കും.



നീ എഴുതി തേഞ്ഞ്
ഒരു ചരമ കോളത്തില്‍
മുനയൊടിഞ്ഞ് ചത്തതല്ല .



ഭരണകൂടത്തിന് ഒരു കുത്തിടാന്‍
മുന കൂര്‍പ്പിച്ച്
ഒരു തെരുവില്‍ കൊല്ലപ്പെട്ടതാണ് .


-----------------------------------------------------------------------------ഷംസ്

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

ഒരു ചോദ്യം

????????????????????????
പുറത്ത് നിന്ന് പൂട്ടാന്‍
വാതിലിന്
ഒരു ഓടാമ്പിലയുണ്ട് .
അകത്ത് നിന്ന് പൂട്ടാന്‍
വാതിലിന് ഒരു താഴുണ്ട് .
ആണായതിനാലാണോ
വാതിലുകളെല്ലാം
നിന്നെ തുറന്ന് വിടുന്നത് .


വഴിതെറ്റി ഓടുന്ന
നിയമത്തെ
റോഡില്‍ നിര്‍ത്താനൊരു
ബെല്ലുണ്ട് .


കടിഞ്ഞാണില്ലാതെ പായുന്ന
ഭരണത്തെ
പാളത്തില്‍ ഒതുക്കാനോരു
ചങ്ങല യുണ്ട് .


ബെല്ലും ചങ്ങലയുമില്ലാതെ
ഞങ്ങള്‍
പെറുന്നത് കൊണ്ടാണോ
ജീവിതത്തിലെ
ബോഗികളിലെല്ലാം
നിര്‍ത്താതെ
ഒറ്റ കയ്യന്‍മാര്‍
നുഴഞ്ഞ് കയറുന്നത് .
----------------------------------------ഷംസ്

2011 ഫെബ്രുവരി 2, ബുധനാഴ്‌ച

ചുടല മരം

------------------------------

പേരമരച്ചോട്ടില്‍
അടുത്ത വീട്ടിലെ കൌമാരക്കാരി
ഉഞ്ഞലാടാനെത്തിയതിനാണ്
രസം വെച്ച് അച്ഛന്‍ പേരയുണക്കിയത് .


തെരുവിലേക്ക് നീണ്ട കൊമ്പില്‍
ചുവന്നൊരു കൊടി കണ്ടപ്പോ ഴാണ്
ഇടത്‌ ഭാഗത്തേക്ക് ചായുമെന്ന് പറഞ്ഞ്
അച്ഛന്‍ ആഞ്ഞിലി മുറിച്ചൊരു
ചില്ലലമാര യുണ്ടാക്കിയത്.

കളിപ്പാട്ടങ്ങളില്ലാത്ത വീട്ടിലെ
ചില്ലലമാറയ്ക്ക് ഒരു പൂട്ട്‌ വന്നപ്പോഴാണ്
പുസ്തകങ്ങള്‍ എനിക്ക് അന്യമായത്.


മഹാഗണിയുടെ
തോല് വെട്ടുന്ന ചെക്കന്‍
പെണ്ണ് കെട്ടാതിരുന്നത്തിനാണ് ,
മഹാ ഗണി മുറിച്ച്
അച്ഛന്‍ രണ്ടു കട്ടിലുണ്ടാക്കിയത് .


കട്ടിലുകള്‍ രണ്ടു മുറിയിലേക്ക്
താമസം മാറിയ അന്നാണ്
പാത്രങ്ങള്‍
തട്ടുകയും മുട്ടുകയും ചെയ്യാതെ
വീടൊരു മ്യൂസിയമായത്.


വീടൊരു കാവായിരുന്നു ,


വെട്ടിയും,
മുറിച്ചും,
ഉണക്കിയും,
ഒരു മാവ് ബാക്കിവെച്ച്
അച്ഛന്‍ മരിച്ചു .


അച്ഛനെ ചുടാന്‍
ഞാനാ മാവ് മുറിക്കില്ല,
വീട്ടിലൊരു കൊമ്പെങ്കിലും വേണ്ടേ
അമ്മയ്ക്ക് തൂങ്ങാന്‍ ...
----------------------------------------------ഷംസ്

2011 ജനുവരി 28, വെള്ളിയാഴ്‌ച

കുളിമുറി


-----------------------------


കുളിക്കുമ്പോള്‍
മുഖം കാണിക്കല്‍ ഹറാമാണ് .


കുറ്റിയും കൊളുത്തും വെക്കാന്‍
പുഴയ്ക് ഒരു വാതിലില്ലായിരുന്നു.
മറഞ്ഞു നില്‍ക്കാന്‍
പുഴയ്ക്ക് നാല് ചുവരും.
മഴ നനയാതിരിക്കാന്‍
ഒരു മേല്‍ക്കൂരയും .


രാത്രിയില്‍
പുഴക്കടവിലെ പൊന്തക്കാട്ടില്‍
കള്ളക്കണ്ണുകള്‍
ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാണ്
ബാപ്പ വീട്ടിലൊരു കുളി മുറി പണിതത്.


അടച്ചുറപ്പുള്ള ആ കുളി മുറിയാണ്
ഒരു പകല്‍ മഴയത്ത്
എന്‍റെ കുളിയാദ്യം തെറ്റിച്ചത്.
-----------------------------------------------ഷംസ്

രണ്ട് ചെമ്പരത്തി പൂക്കള്‍


*******************
എത്ര തൊട്ടാലും വാടില്ലായിരുന്നു
അടുത്ത വീട്ടിലെ തൊട്ടാവാടി.


മുനകളെത്ര ഒടിച്ചാലും വളരു മായിരുന്നു
അവളുടെ നെഞ്ചിലേക്ക്
കണ്ണില്‍ നിന്നും വീണ്ടുമൊരു കൂര്‍ത്ത ചില്ല .

പുഴയിലേക്ക് നീണ്ട വേരുകള്‍
ഇടവഴിയില്‍
കെട്ടിപ്പിണഞ്ഞ് മുരടിച്ചാണ്
രണ്ടു വീട്ടിലും
ഓരോ ചെമ്പരത്തി കാടുണ്ടായത്.


-----------------------------------------------ഷംസ്


2010 നവംബർ 7, ഞായറാഴ്‌ച

കരിഞ്ഞ കടലാസുപൂക്കള്‍

******************
ഇന്നലെ പൊട്ടി തെറിച്ച 
കുന്നംകുളത്തെ പടക്ക ശാലയ്ക്ക് മുന്നില്‍ 
ഒരു പലസ്തീനിയന്‍ കവിത 
ചിതറി കിടക്കുന്നു. 

കവിയുടെ കടലാസുപൂക്കളില്‍ 
പാതിവിരിഞ്ഞ ഇതളിലൊരു 
ചോര കരിഞ്ഞ നിറമുണ്ടാകും .

മുറിവേറ്റ ഇതളുകള്‍ക്ക് 
ചക്രവാളച്ചുകപ്പിലേക്ക് വിടരാന്‍ 
അലറി കരയുന്ന തിരകളുണ്ടാകും 

വേരുകള്‍ ക്ക് പടര്‍ന്നു കയറാന്‍ 
ആകാശ ഗംഗയില്‍ പടവിടിഞ്ഞ 
നക്ഷത്രങ്ങളുടെ നനവുണ്ടാകും . 

പച്ച ഞരമ്പുകളില്‍ തൊലിയടര്‍ന്ന 
വെളിച്ചത്തിന്‍റെ സൗര യൂഥങ്ങള്‍ 
ഇരുട്ടിലേക്ക് മുഴച്ചു നില്‍ക്കും 

മഴ രാകിയ മൂര്‍ച്ചയില്‍ 
മുള്ളിലൊരു സ്നേഹത്തിന്‍റെ തുള്ളി 
മരവിച്ച് കൂര്‍ത്തിരിക്കും .

വഴിതെറ്റിയ പരാഗരേണുക്കളില്‍ 
പ്രണയമൊരു ഇണ പിരിഞ്ഞ 
കരി വണ്ടിനോട് കലഹിക്കും.

ശിഖരങ്ങള്‍ നാമ്പുകളടര്‍ത്തിയ 
കൊടുങ്കാറ്റിനോട് കയര്‍ത്ത് 
ഞെട്ടറ്റ സ്വപ്‌നങ്ങള്‍ പൊഴിക്കും .

വേദന നീലിച്ച മൊട്ടുകളില്‍ 
അനാഥ മാക്കപ്പെട്ട വര്‍ണ്ണങ്ങളുടെ 
നേര്‍ത്ത നിലവെളി കൂമ്പി നില്‍ക്കും

മണ്ണിന്‍റെ മുല ഞെട്ടു കളില്‍ 
ചിതലിന് നുണയാനൊരു വിരഹം 
ഇലത്തുമ്പില്‍ ജീവനറ്റ് അടരാതിക്കും .

ഗാസയിലെ കടലാസുപൂക്കള്‍ 
പടക്കങ്ങളായ് വെന്തടിഞ്ഞാലും 
അക്ഷരം നിനക്കൊരു നാളമായ് 
കാലത്തിന്‍റെ മുറിവില്‍ തങ്ങി നില്‍ക്കും.

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

കുമ്പസാരം

--
---------------------------------
ജോസഫ്,
വാക്കുകളുടെ
വായ്‌ത്തല കൊണ്ടല്ല
നിന്‍റെ കൈപ്പത്തിയുടെ
തുന്നലറ്റത് .





ചങ്ങല പൊട്ടിച്ച ചിന്തകളുടെ
കടിയേറ്റാണ്
മനസ്സിന് ഭ്രാന്തിള കിയത്.



ജോസഫ്‌
എനിക്കൊരു
കുമ്പസാര കൂടില്ല .
നിന്‍റെ ഇടതു വിരലു കളും
നാളെ പൊട്ടി തെറി ക്കാം


മുറിവില്‍ നിന്നും
അടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍
ഇടതു മുഷ്ടിയില്‍
നീ അമര്‍ത്തി പിടിക്കുക.


നനഞ്ഞ ഇരുട്ടിലും
നീയിനി
വാക്കുകള്‍ ഉരച്ച്
വെളിച്ചം കാട്ടരുത് .



വെളിച്ചത്തില്‍
തീപിടിക്കുന്ന
കറുത്ത മനസ്സുകളാണ്
പൊട്ടി തെറിക്കുന്ന
പുതിയ ബോംബുകള്‍


------------------------------------ഷംസ്

2010 ജൂൺ 15, ചൊവ്വാഴ്ച

ഭോപ്പാല്‍

ഭോപ്പാല്‍
---------------------
വിഷക്കാറ്റില്‍
കരളുണങ്ങി
കാഴ്ച മങ്ങിയ
ഓര്‍മ്മ വീണ്ടും
കിതച്ചു തുപ്പുന്നു.
കണ്ണ് പൊള്ളുന്നു,
കരയാനും നേരമില്ല
ജീവന്‍റെ
കയറ് പൊട്ടുന്നു.
നഗരം ചങ്ക് പൊട്ടി
മലര്‍ന്ന് വീഴുമ്പോള്‍
അമ്ല മഴയില്‍
രോമ കൂപം വിണ്ടു കീറി
ഞങ്ങള്‍ 
പുഴു വെടുക്കുന്നു.
നിങ്ങള്‍ വളര്‍ത്തിയ 
കറുത്ത പൂച്ചകള്‍ 
പെറ്റു പെരുകുന്നു.
കെണിയൊരുക്കി
നേര്‍ക്ക്‌ ചാടുന്നു.
വിഷം ചീറ്റിയ
കറുത്ത പൂച്ചയെ
തടവു ചാടിച്ച്
ഇന്നും കണ്ണടച്ച് 
നിങ്ങള്‍ 
പാല്‍ നുണയുന്നു.
നിങ്ങള്‍ 
വഴിയൊരുക്കുന്നു,
കടല് ചാടിയെത്തും  
കറുത്ത പൂച്ചകള്‍
പണി തുയര്‍ത്തുന്നു.
ക്ഷയം പിടിച്ച്‌
ചോര തുപ്പി 
മാനം 
കരി പിടിക്കുന്നു. 
പുതിയ പൂച്ചകള്‍ 
മണ്ണ് മാന്തി ,
മണല്  കോരി
ജലത്തിന്‍
വേരറുക്കുന്നു,
വര്‍ണ്ണ ക്കുപ്പി 
നിറയുന്നു.
തൊണ്ട വരളുമ്പോള്‍ 
ഞങ്ങള്‍ 
കൊടി പിടിക്കുന്നു,
ദാരിദ്ര്യ   കൈ മലര്‍ത്തി
വരുമാന കണക്കു ചൂണ്ടി
നിങ്ങള്‍
ചീറിയെത്തുന്നു.
ഞങ്ങടെ ദാഹം
തലയാട്ടി
തളര്‍ന്നു വീഴുന്നു.
നിങ്ങള്‍ പോറ്റിയ
കറുത്ത പൂച്ചകള്‍
 കുറുകെ ചാടുമ്പോള്‍
നീതി പീഠം
കണ്ണ് കെട്ടിയ
നിയമത്തിന്‍
ചേല കീറുന്നു. 
ഞങ്ങടെ
ശബ്ദ മുയര്‍ന്നാല്‍
കണ്ണ് പൊട്ടിയ
നിയമങ്ങള്‍
തുറിച്ചു നോക്കുന്നു.
--------------------------------ഷംസ് 

2010 ജൂൺ 5, ശനിയാഴ്‌ച

മരം -

----------------------
മരിച്ച നിനക്ക് 
ജീവനുള്ള എന്നെ വെട്ടി 
ചിത യൊരുക്കുന്നു .


ചുടല പറമ്പിലൂടെ 
ഒഴുകി വരളുന്ന കണ്ണു നീര്‍ 
ഇന്നലെ നീ കൊന്ന 
എന്‍റെ പുഴയുടെ 
നിറഞ്ഞ ചിരിയാണ് .


അവളുടെ 
മാറിലെ മുറിവുകള്‍ 
നീ കുടിച്ച്‌ തീര്‍ത്ത ജീവ ജലം,


അവളുടെ 
ആകാശ മേഘങ്ങള്‍ 
നിന്‍റെ ജീവന്‍റെ കാറ്റും ,
എന്നിട്ടും 
നീയവളെ വ്യഭി ചരിക്കുന്നു.. 


ഓരോ ദൈവത്തിനും 
ഒറ്റ മരത്തില്‍ 
പീഠംങ്ങള്‍ പണിയാന്‍ 
പലരായ്‌ നട്ട മരങ്ങളെല്ലാം 
ഒറ്റ ഒരാള്‍ക്കായ്‌ നിങ്ങള്‍ 
മുറിച്ചെടുക്കുന്നു . 


നിനക്കിനി ആമര മീമര 
മോതുവാനൊരു മരമെവിടെ ?
 മുറിവേറ്റു പിടയുമ്പോള്‍ 
ഇതു വഴി പോകാ ന്‍ 
എനിയ്ക്കൊരു താപസനും .
----------------------------------------ഷംസ്

2010 മേയ് 4, ചൊവ്വാഴ്ച

*മൊസ്യുളിലെ കിളിക്കൂട്ടം

--------------------
പണ്ടവര്‍
ചിറകിന്
ആകാശ മുള്ളവര്‍ .
ആകാശത്തിന്‌
അതിരുകളി ല്ലാത്തവര്‍ .

വിതച്ചവര്‍
കൊയ്തവര്‍
ആകാശ ചരുവിലെ
മഴ വിത്ത് തിന്നവര്‍ .

വിശന്നപ്പോള്‍
കൂട്ടിലടക്കപ്പെട്ടവര്‍
കൊക്കുരുമി പിന്നെയും
കളപ്പുരകള്‍ നിറച്ചവര്‍ .

വസന്ത കാലങ്ങളില്‍
ഇടി മുഴങ്ങിയപ്പോള്‍
വെള്ളിടി ക്കതിരിനായ്
തോളുരുമ്മി പറന്നവര്‍ .

കൊക്കുകളുരസി
കൊത്തി മരിക്കുമ്പോള്‍
കിഴക്കും പടിഞ്ഞാറും
തെക്കും വടക്കു മില്ലാത്തവര്‍ .

വഴികള്‍ നാളെ ഇഴവിട്ട
നാളുകള്‍ ചിക്കിയാല്‍
പിന്‍വിളിയില്‍ ഓര്‍ക്കാന്‍
നന്മ പതിരിലും പൂവിട്ടവര്‍ .

മുളയില്ലാ വിത്തിന്‍റെ
കതിര് കുലച്ച പ്പോള്‍
പാടത്ത് വിതയിട്ട
കഴുകന്‍റെ നെഞ്ചില്‍
കൊത്തി ചികഞ്ഞവര്‍ .

ഇന്നവര്‍
മണ്ണില്‍ നിന്നും
വംശ ശിഖരങ്ങള്‍
പറിച്ചെറിയപ്പെടുന്നവര്‍ .

മെരുക്കി യെടുക്കാന്‍
കൂട്ടം തെറ്റിച്ചവര്‍
പേരിലും വേരിലും
പച്ച കുത്തി
കൂട്ടം പിരിച്ചവര്‍ .

ചിറകിനാകാശമില്ലാത്തവര്‍
തെക്കും വടക്കും
കൊത്തി മരി ക്കാന്‍
കിഴക്കും പടിഞ്ഞാറു മായ്
തരം തിരിക്കപ്പെട്ടവര്‍

വലകളും കെണികളും
കൊത്തി മാറ്റി
ചിറകറ്റു പിടയുന്ന
കിളിയുടെ കൂട് തേടാം
നേരിന്‍റെ ഉറവുള്ള
കണ്ണുകള്‍ ചേര്‍ന്ന് വാങ്ങാം.

വറ്റാത്ത കനലിലെ
നോവുകള്‍ ഊതി
തിമിര മുറയുന്ന കുഴികളില്‍
ചേര്‍ത്ത് തുന്നാം .

ഇരുട്ടിന്‍റെ ഭാണ്ഡങ്ങള്‍
ചുമലി റക്കി
എരിയുന്ന കനലി ന്‍റെ
മുനകളാവാം .
നേരിന്‍റെ കണ്ണു കള്‍
കൊത്തി പറക്കുന്ന
കഴുകന്‍റെ കൂടിന്
കല്ലെറിയാം .
------------------------------
ഷംസ് ബാലുശ്ശേരി
*മൊസ്യുള്‍ ..
ആയിരക്കണി ക്ക്‌ വര്‍ഷം ചരിത്ര പൈതൃക മുള്ള ,സാംസ്കാരിക പൈതൃക മുള്ള ടൈഗ്രിസ്‌ നദിക്കരയിലെ ഒരു പട്ടണം ..ബാഗ്ദാദു കഴിഞ്ഞാല്‍ ഇറാക്കിലെ ഏറ്റവും വലിയ പട്ടണം
.

2010 ഏപ്രിൽ 3, ശനിയാഴ്‌ച

കലിയുഗ സത്യങ്ങള്‍

------------

കലിയുഗമാണ്
ഗാന്ധിയുടെ നാട്ടില്‍
സത്യത്തെ സ്വപ്നം കാണരുത്
അത് സങ്കല്‍പങ്ങളുടെ പ്രേതമാണ്‌ .

സത്യം കൊത്തിയ ആ
ശില്‍പ്പിയെ നോക്കു
പണ്ട്‌ കൈകളുണ്ടായിരുന്നു .
ആ ചിത്രമെഴുതിയയാള്‍
ഈ നാട്ടു കാരനായിരുന്നു .
കല്ലേറ് കൊള്ളുന്ന ഭ്രാന്തനെ കണ്ടോ
വാക്കുകളില്‍
നേരിന്‍റെ അക്ഷരങ്ങള്‍ നിറച്ച
കവിയായിരുന്നു.

ആദിമ ചിന്താ മണ്ഡല ത്തില്‍
ആര്‍ഷ സംസ്കാരത്തിന്‍റെ
തെരു വീഥിയിലെ
കാലത്തെ ചൂണ്ടി
അപരിഷ്കൃത സത്യങ്ങള്‍
ഊതി കാച്ചണമെന്നു പറഞ്ഞവര്‍

നീ പരിഷ്കൃതന്‍
ഇനി കണ്ണു തുറക്കുക
കാഴ്ചയുടെ തന്മാത്രകള്‍
വിഘടിപ്പിച്ചിരിക്കുന്നു.
കാതു തുറക്കുക
കേള്‍വിയുടെ
സമനില തെറ്റിച്ചിരിക്കുന്നു .
വായ തുറക്കുക
നാവ് മുറിച്ചു കഴിഞ്ഞു .

നീ നഗ്ന നാണെന്ന് പറയുന്ന
കുട്ടിയുടെ തല വെട്ടുകയല്ല
വളരുന്ന രാജ്യ ദ്രോഹികളെ
കുഴിച്ചു മൂടുകയാണ്.
ശൂല മുനകളാള്‍ എഴുതാനും
എഴുത്താണി മുനകളാള്‍
വധിക്കാനും
നീ പഠിച്ചു കഴിഞ്ഞു .

--------------------------ഷംസ്

2010 മാർച്ച് 5, വെള്ളിയാഴ്‌ച

പ്രവാചകന്‍


----------------
ഞാനാണ് സത്യം
മോക്ഷം നല്‍കാന്‍
തെരഞ്ഞെടുക്കപ്പെട്ടവന്‍ .

ജീവിത ത്തില്‍
കണ്ണും കാതും കൂര്‍പ്പിക്കുക
വഴിയിലോരോ
ഇരുട്ടിലും വെളിച്ചത്തിലും
ഞാനുണ്ട് .

വഴിയില്‍ പതുങ്ങി നില്‍ക്കേണ്ട
പ്രലോഭനങ്ങളില്‍ വീഴ്ത്തി
ഇരുണ്ട ദീപിലേക്ക് വിളിക്കാന്‍
എന്‍റെ വലയം നിന്‍റെ ചുറ്റുമുണ്ട് .

പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല
നിയോഗിക്ക പ്പെട്ടവരന്ന്
വിശേഷിക്കപ്പട്ട
കൃഷ്ണനെയും കര്‍ത്താവിനെയും
മുഹമ്മദിനെയും
ഞാന്‍ നശിപ്പിച്ചു .
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണന്നു
പറഞ്ഞവനെയും .

മതങ്ങളിലെ
കറുപ്പ് മാത്രം തെരച്ച്
നീല വലയങ്ങളില്‍ വിരിയുന്ന
ചുവന്ന പൂക്കളെ
സ്വപ്നം കണ്ടു നീയൊരു
കമ്മ്യുണിസ്റ്റല്ലാതായി .

സ്വര്‍ഗം കനം തൂങ്ങി
ആകാശ മിടിഞ്ഞാല്‍
കൈകള്‍ ഉയര്‍ത്തി പിടിക്കുമെന്ന്
ആക്രോശിക്കുമ്പോള്‍
തലയില്‍ നരക തീ
വീഴുമെന്ന ഭയം നിനക്കില്ല .

സൂര്യന്‍ വീണു ടഞ്ഞാല്‍
വരാനിരിക്കുന്നവര്‍ക്ക്
ജീവന്‍റെ കെട്ട് പോകാത്ത തിരി തേടി
നീയൊരു വിശ്വാസിയാ കാതെ
പിന്തിരിഞ്ഞു നില്‍ക്കുന്നു.

എനിക്ക് മതമില്ല
ദിവ്യ പുരുഷന്‍ മാര്‍
ശുക്ല പൂക്കള്‍ വിരിയിച്ചു
വംശം വളര്‍ത്തുന്ന
താമര തണ്ടിലെ രോമമല്ല
എന്‍റെ വേരിലെ വിശ്വാസം.

അവസാനം
എന്നോട് പട വെട്ടി നീയും
വഴിയില്‍ പിടഞ്ഞു മരിക്കും .
പ്രവാചകന് മരണമില്ല
ഞാനാണ് മരണം .
-----------------------------ഷംസ്

2010 ജനുവരി 13, ബുധനാഴ്‌ച

സര്‍ക്കാര്‍ ക .പ.

***************
സര്‍ക്കാരാപ്പീസ്
--------------
മുട്ടുവിന്‍ തുറക്കപ്പെടും
പണമില്ലെങ്കില്‍ അടയ്ക്കപ്പെടും .

പോലീസ് സ്റ്റേഷന്‍
---------------
മുട്ടുവിന്‍ അടക്കപ്പെടും
പണമുണ്ടെങ്കില്‍ രക്ഷപ്പെടും .

വിദ്യാഭ്യാസം
------------
മുട്ടേണ്ട തുറന്നിട്ടിരിക്കുന്നു
പണമുണ്ടെങ്കില്‍ കയറി പറ്റാം.

സര്‍ക്കാരാശുപത്രി
-----------
മുട്ടി തുറക്കാം
പണമുണ്ടെങ്കിലും രക്ഷപെടില്ല..

മദ്യ ഷാപ്പ്
----------
മുട്ടി തുറപ്പിക്കാം
പെട്ടിയില്‍ നിറയെ ഗാന്ധിയെ കാണാം.

ഞാന്‍
--------
മുട്ടിയാലും തുറന്നാലും കാണില്ല
പണം തന്നാലൊരു വോട്ടു തരാം .

---------------------------ഷംസ്

2009 ഡിസംബർ 24, വ്യാഴാഴ്‌ച

പ്രവാസം


--------------
രക്തം
വിയര്‍ത്ത് കുറുകിയ
മണ മുയരുമ്പോള്‍
സുഗന്ധങ്ങള്‍
പെറ്റു പെരുകാന്‍
കണക്ക്
പുസ്തകത്തി ലൊരു
മയില്‍ പീലി നടും .

സ്വപ്‌നങ്ങള്‍
ഇരട്ടിക്കുമ്പോള്‍
വസന്തങ്ങള്‍ കൊഴിഞ്ഞ്
എല്ലുകള്‍ ഉന്തി
പുറം ചട്ട നരയ്ക്കും .

താളുകള്‍ കാലം കൂടി
തുറക്കുമ്പോള്‍
പിന്നിലും മുന്നിലും
ശിഷ്ടം ശൂന്യത മാത്രം .

വഴി കണക്കിലെ
ഹരിക്കുന്ന കള്ളിയിലാണ്
ജീവിതം ആദ്യമേ
ഞങ്ങള്‍ തെറ്റി സൂക്ഷിച്ചത് .
----------------------------ഷം
സ്

2009 ഡിസംബർ 6, ഞായറാഴ്‌ച

അമ്മയുടെ തിരുമുറിവുകള്‍

*--------------------------------------------*

അര്‍ദ്ധ രാത്രിയില്‍
തിരുപ്പിറവിയുടെ
കാറ്റടി ച്ച പ്പോള്‍
ഹിന്ദു മുസ്ലിം
ചോര പിരിഞ്ഞ്
മാതാവ്
രണ്ട് ദേശങ്ങളായി
ഒലിച്ചു പോയി .

പിതാവിന്‍റെ
ഒടിഞ്ഞ വാരിയെല്ലിനു
പകരമായി
വെട്ടിക്കീറി യ
സ്വാതന്ത്രത്തി ന്‍റെ
അപ്പ കഷണമാണ്‌
അപ്പോസ്തലര്‍
നല്‍കിയത് .

വീഞ്ഞ് കുടിച്ച്‌
ഉന്മത്തരായവര്‍
മിനാരം ഉടച്ചപ്പോള്‍
പുത്രന്‍ വാങ്ങിയത്
മുലയരിഞ്ഞ മുറിവില്‍
ആണിയടിച്ചു കെട്ടാന്‍
പന്നിയും പശുവുമായി
മുക്രയിട്ട്‌ ചങ്ങല പൊട്ടിയ
ഒരു ഭ്രാന്തിനെയാണ് .
-------------------------ഷംസ്
december6

2009 ഡിസംബർ 4, വെള്ളിയാഴ്‌ച

ആധുനിക കവിത

---------------

















നഗ്നയാണ്‌ ,അണിയിച്ചൊരുക്കിയെന്നെ നാണം കെടുത്തല്ലേ .
-------------------------------------------------------ഷംസ്

2009 നവംബർ 5, വ്യാഴാഴ്‌ച

ചാലിയാര്‍



എന്‍റെ മാറു വലിച്ചു കീറി
കരം പിരിക്കുന്നവരെ
കരയാനും വേദനിക്കാനും
നിങ്ങള്‍ക്ക് എന്തവകാശം ?
നിങ്ങള്‍ കുരുതി തന്നവര്‍
എന്‍റെ മടിത്തട്ടില്‍ ഉറങ്ങുന്നു.
എന്നെ കെട്ടഴിച്ചു വിടൂ
അവരെ ഉണര്‍ത്താതെ
ഞാനൊന്നു കരഞ്ഞു ഒഴുകട്ടെ
ഭരണ കൂടങ്ങളിലേക്ക് ..
--------------------------ഷംസ്

2009 ഒക്‌ടോബർ 28, ബുധനാഴ്‌ച

ചില അപ്രശസ്തമായ കാര്യങ്ങള്‍



ഒരാള്‍ കുരിശും പേറി
മുറ്റത്തെത്തി
പള്ളിയുടെ
മുകളിലേക്കാ ണ ന്കില്‍
നീളവും വീതിയും പോര .
അരമനയിലേക്കെങ്കില്‍
തങ്കത്തില്‍ വേണം .
പുരോഹിതന്‍
വിറകു കടയിലേക്കുള്ള വഴി ചൂണ്ടി ...
ഇത് ആരും എടുക്കില്ല .
പണ്ടേ ഞാന്‍ ചുമക്കുന്നതാണ്
ക്രിസ്തു ചിരിച്ചു.
--------------------------shams

2009 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഞാന്‍ പൌരന്‍

--------------
ഇടയര്‍ അരുമയോടെ
കുഞ്ഞാടുകള്‍ എന്ന് വിളിക്കുമ്പോള്‍
രോമ മുണര്‍ന്നു വണ്ടി ക്കാളകള്‍
വോട്ടു കാള കളായി
രൂപാന്തര പ്പെടുന്ന നാട്ടില്‍
പശുവിനെയും കിടാവിനെയും നോക്കി
ജനാധി പത്യം പഠിച്ച്
രണ്ട് കാലില്‍ നടക്കുന്ന
ആലയില്‍ ഉറങ്ങാത്ത ഒരു ജീവി
----------------------------ഷംസ്